റിയാദില്‍ ജീവനൊടുക്കിയ ആഷിഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തി
Saturday, August 30, 2014 8:23 AM IST
റിയാദ്: സുഹൃത്ത് നല്‍കിയ വീസയില്‍ സൌദിയിലെത്തി മൂന്ന് മാസത്തിനകം ജീവനൊടുക്കിയ ഉത്തര്‍പ്രദേശിലെ അസംഗഡിനടുത്ത് ബദൌന്‍ സ്വദേശി ആഷിഷ് കുമാറിന്റെ (24) മൃതദേഹം സ്പോണ്‍സറുടെ നിസഹകരണം മൂലം അഞ്ച് മാസമായി റിയാദിലെ ഷുമൈസി ആശുപത്രി മോര്‍ച്ചറിയിലായിരുന്നു. പോലീസ് അധികൃതരുടേയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടേയും കെഎംസിസി ജീവകാരുണ്യ സമിതി കണ്‍വീനര്‍ തെന്നല മൊയ്തീന്‍ കുട്ടിയുടേയും നിരന്തര ശ്രമഫലമായി വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ മൃതദേഹം നാട്ടിലയച്ചു.

റിയാദില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ അല്‍ ഖസീം ഹൈവേയില്‍ ബാന്‍ബാന്‍ എന്ന സ്ഥലത്ത് ഒരു ഇസ്തിരാഹയില്‍ കാവല്‍ക്കാരനായാണ് ആഷിഷ് കുമാര്‍ സൌദി അറേബ്യയിലെത്തിയത്. സുഹൃത്താണ് വീസ നല്‍കിയത്. ജോലി ഭാരിച്ചതായിരുന്നില്ലെങ്കിലും ഏകാന്തമായ ജീവിതത്തില്‍ ആഷിഷ് കുമാറിന് മാനസിക പ്രയാസമുണ്ടായിരുന്നതായി സമീപത്ത് ജോലി ചെയ്തിരുന്നവര്‍ പറഞ്ഞു. ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും നാട്ടിലേക്ക് അയയ്ക്കണമെന്നും സ്പോണ്‍സറോട് പറഞ്ഞപ്പോള്‍ തനിക്ക് ചെലവായ 5000 റിയാല്‍ തരാതെ എക്സിറ്റ് അടിക്കില്ലെന്ന് അദ്ദേഹം വാശി പിടിച്ചതായി ആഷിഷ് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നുവത്രെ. ഇതിനിടയിലാണ് ഒരു ദിവസം ആഷിഷ് കുമാര്‍ ഇസ്തിരാഹയില്‍ പെട്രേള്‍ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നാട്ടില്‍ നിന്നും ഫോണ്‍ വന്ന ശേഷമാണ് ആഷിഷ് ആത്മഹത്യ ചെയ്തതെന്നാണ് സ്പോണ്‍സര്‍ പറയുന്നത്.

ആദ്യം സംഭവസ്ഥലത്തെത്തുകയും കേസ് അന്വേഷിക്കുകയും ചെയ്ത തുമാമ പോലീസില്‍ നിന്നും പിന്നീട് ഫയലുകള്‍ ഹൈ അല്‍ സഖാഫ പോലീസ് സ്റ്റേഷിനിലേക്ക് മാറ്റി. ഇഖാമ എടുത്തില്ലായിരുന്നതിനാല്‍ ആഷിഷ് കുമാറിന്റെ പാസ്പോര്‍ട്ടില്‍ എക്സിറ്റ് അടിക്കുക എളുപ്പമായിരുന്നില്ല. അസ്വാഭാവിക മരണമായതിനാല്‍ സ്പോണ്‍സര്‍ സഹകരിക്കാന്‍ മടി കാണിച്ചത് രേഖകള്‍ ശരിയാക്കാന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മുന്നിട്ടിറങ്ങിയ തെന്നല മൊയ്തീന്‍ കുട്ടിക്ക് മുന്നില്‍ പ്രതിബന്ധമായി. ഏറെ സമ്മര്‍ദ്ദം ചെലുത്തിയാണ് സ്പോണ്‍സര്‍ എക്സിറ്റ് അടിച്ചു നല്‍കിയത്. മൃതദേഹം നാട്ടിലയയ്ക്കാനുള്ള മുഴുവന്‍ ചെലവും എംബസി വഹിക്കാമെന്ന് സ്പോണ്‍സര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

റമദാന്‍ ഈദ് അവധി ദിനങ്ങള്‍ കഴിഞ്ഞതോടെ രേഖകളെല്ലാം ശരിയാക്കി നാട്ടിലയക്കാന്‍ തയാറായെങ്കിലും എയര്‍ ഇന്ത്യാ അധികൃതരുടെ നിസഹകരണവും രണ്ടാഴ്ചയിലധികം നീണ്ടു പോകാന്‍ കാരണമായതായി തെന്നല മൊയ്തീന്‍ കുട്ടി പറഞ്ഞു. എല്ലാം ശരിപ്പെടുത്തി വെള്ളിയാഴ്ച നാട്ടിലേക്കയച്ച മൃതദേഹം ലക്നൌ എയര്‍പോര്‍ട്ടില്‍ ശനിയാഴ്ച രാവിലെ എട്ടിന് ആഷിഷ് കുമാറിന്റെ സഹോദരന്‍ ഏറ്റുവാങ്ങി.

അവിവാഹിതനായ ആഷിഷ് കുമാര്‍ സഹേബ് ലാലിന്റെയും ചമേലി ദേവിയുടേയും മൂത്ത മകനാണ്. ഇന്ത്യന്‍ എംബസിയുടെ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നാണ് ആഷിഷ് കുമാറിന്റെ മൃതദേഹം നാട്ടിലയക്കാനുള്ള മുഴുവന്‍ ചെലവും എടുത്തതെന്ന് ഇന്ത്യന്‍ എംബസിയിലെ സാമൂഹ്യക്ഷേമ വിഭാഗം ഉദ്യോഗസ്ഥന്‍ മനോജ് കുമാര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍