ന്യൂയോര്‍ക്കിലെ സംയുക്ത ഒവിബിഎസ് സമാപിച്ചു
Saturday, August 30, 2014 4:09 AM IST
ന്യൂയോര്‍ക്ക്: എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ട ബ്രൂക്ക്ലിന്‍, ക്വീന്‍സ്, ലോംഗ് ഐലന്റ് ഏരിയയുടെ സംയുക്ത ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ വിജയകരമായി സമാപിച്ചു. ഓഗസ്റ് 22,23 തീയതികളില്‍ നടത്തപ്പെട്ട ഒവിബിഎസില്‍ ന്യൂയോര്‍ക്ക് ഏരിയയില്‍ നിന്നുള്ള ഒമ്പത് പള്ളികളില്‍ നിന്നായി ഏകദേശം ഇരുനൂറോളം കുട്ടികള്‍ പങ്കെടുത്തു.

'ഭൂമിയും അതിന്റെ പൂര്‍ണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു' (സങ്കീര്‍ത്തനങ്ങള്‍ 24:1) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി റവ.ഫാ. ജോയ്സ് പാപ്പച്ചന്‍ നടത്തിയ ക്ളാസ് വിജ്ഞാനപ്രദവും ചിന്താര്‍ഹവുമായിരുന്നു. കുട്ടികളുടെ വ്യക്തിത്വവികസനത്തിനുതകുന്ന തരത്തില്‍ വേദപുസ്തകത്തെ അടിസ്ഥാനമാക്കി ബൈബിള്‍ ക്വിസ്, പഠനക്ളാസ്, കലാപരിപാടികള്‍ മുതലായവ ഒവിബിഎസില്‍ ക്രമീകരിച്ചിരുന്നു.

ഒ.വി.ബി.എസിന്റെ സമാപനമായി നടത്തിയ റാലിയില്‍ കുട്ടികളും മാതാപിതാക്കളും അടക്കം ധാരാളം പേര്‍ പങ്കെടുത്തു. ഈവര്‍ഷത്തെ ഒ.വി.ബി.എസിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കിയത് ഏരിയാ കോര്‍ഡിനേറ്റര്‍ മിസ്സിസ് ജോളി ഐസക്ക് ആയിരുന്നു. സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ഫാ. ഗ്രിഗോറി വര്‍ഗീസ്, സണ്‍ഡേ സ്കൂള്‍ സെക്രട്ടറി ബെന്നി വര്‍ഗീസ്, ഒവിബിഎസ്. ഡയറക്ടര്‍ സ്റീവ് കുര്യന്‍ എന്നിവരുടെ സംയുക്തമായ പ്രവര്‍ത്തനം വളരെ പ്രശംസനീയമായിരുന്നു. അതേപോലെ യുവജനങ്ങളുടെ, വിശിഷ്യാ സെമിനാരി വിദ്യാര്‍ത്ഥിയായ ബോബി വര്‍ഗീസ് എന്നിവരുടെ സഹകരണം ഒ.വി.ബി.എസിന്റെ വിജയത്തിന് മാറ്റേകി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം