ഡബ്ള്യുഎംസി അമേരിക്കന്‍ റീജിയണ്‍ നേതാവ് പി.സി. മാത്യുവിനെ ആദരിച്ചു
Saturday, August 30, 2014 4:08 AM IST
ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റും പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ പി.സി. മാത്യുവിനെ നാഷണല്‍ ഗ്രീന്‍ സൊസൈറ്റി മദ്യത്തിനും മയക്കുമരുന്നിനുമെതിരായി സംഘടിപ്പിച്ച പ്രചാരണ യോഗത്തില്‍ പ്രത്യേകം തയാറാക്കിയ മൊമെന്റോ നല്‍കി ആദരിച്ചു.

നാഷണല്‍ ഗ്രീന്‍ സൊസൈറ്റിക്കുവേണ്ടിയും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായും പി.സി. മാത്യു നല്‍കിയ ക്രിയാത്മകമായ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ അംഗീകാരം നല്‍കുന്നതെന്ന് മുന്‍ നിയമസഭാ സ്പീക്കറും നാഷണല്‍ ഗ്രീന്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായ ടി.എസ്. ജോണ്‍ പറഞ്ഞു. നാഷണല്‍ ഗ്രീന്‍ സൊസൈറ്റിക്കുവേണ്ടി തിരുവല്ലാ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മൊമെന്റോ പി.സി മാത്യുവിന് ബി.എ.എം കോളജ് വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും നിറഞ്ഞ സദസില്‍ വെച്ച് കൈമാറി.

താന്‍ പഠിക്കുകയും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ പ്രവര്‍ത്തിക്കുകയും ചെയ്ത കലാലയത്തില്‍ വെച്ച് ഇത്തരം ഒരു ധന്യമുഹൂര്‍ത്തത്തിന് വഴിയൊരുക്കിയത് ഈശ്വരാനുഗ്രഹമാണെന്ന് ബി.എ.എം കോളജ് മുന്‍ കൌണ്‍സിലറും മുന്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായിരുന്ന പി.സി. മാത്യു മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ചടങ്ങില്‍ മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശേരി, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ജേക്കബ് എം. ഏബ്രഹാം, ഡോ. ജോസ് പാറക്കടവില്‍, അഡ്വ. റെജി തോമസ് (ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്), അഡ്വ. മനോജ് മാത്യു, തങ്കച്ചന്‍ പൊഴിമണ്ണില്‍, പി.സി. ജോസ്, സാബു കെ.ജി, ഡോ. എം.എന്‍. ജോര്‍ജ്, ഫോമാ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് (യു.എസ്.എ) എന്നിവര്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. പ്രഫ. ജേക്കബ് ഏബ്രഹാം സ്വാഗതവും, ഗ്രീന്‍ സൊസൈറ്റി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സാംകുട്ടി ഐ.എം കാവില്‍ കൃതജ്ഞതയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം