'വേനല്‍തുമ്പികള്‍'ക്ക് ഓഗസ്റ് 30ന് തിരശീല വീഴുന്നു
Friday, August 29, 2014 6:56 AM IST
അബുദാബി: വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കിക്കൊണ്ട് ഒരുമാസ ത്തിലേറെക്കാലമായി അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വേനല്‍തുമ്പികള്‍ എന്ന പേരില്‍ സംഘടിപ്പിച്ചുവരുന്ന വേനലവിധിക്യാമ്പ് ഓഗസ്റ് 30ന് (വെള്ളി) വൈകുന്നേരം ഏഴിന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ സമാപിക്കും.

അന്യമായിക്കൊണ്ടിരിക്കുന്ന കേരളീയ കാലാവസ്ഥകളെകുറിച്ച് ഇളം തലമുറകളില്‍ അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യവുമായി മൂന്ന് ഗ്രൂ പ്പുകളായി തരംതിരിച്ച് ക്യാമ്പ് ഓഗസ്റ് രണ്ടിനാണ് ക്യാമ്പ് ആരംഭിച്ചത്.

പുതുമ നിറഞ്ഞ പരിപാടികള്‍ കൊണ്ടും ആസൂത്രണത്തിലെ മികവുകൊണ്ടും ശ്രദ്ധേയമായ ക്യാമ്പില്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി വിനോദത്തോടും വിജ്ഞാനത്തോടുമൊപ്പം നിത്യജീവിതത്തിനു യുക്തമാകുംവിധം ഒട്ടേറെ അറിവുകള്‍ കുട്ടികള്‍ക്ക് പകരാന്‍ കഴിഞ്ഞു.

കാല്‍ നൂറ്റാണ്ടിലേറെക്കാലമായി കുട്ടികളുടെ തിയറ്റര്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരുന്ന നിര്‍മല്‍ കുമാറാണ് ക്യാമ്പ് നയിച്ചത്. ഇത് മൂന്നാം തവണയാണ് കേരള സോഷ്യല്‍ സെന്ററിന്റെ ക്യാമ്പിനു നേതൃത്വം നല്‍കാന്‍ നാട്ടില്‍ നിന്നും എത്തിയത്.

ക്യാമ്പിന്റെ ഭാഗമായി എമിറേറ്റ്സ് പാര്‍ക്ക് സൂവിലേയ്ക്ക് പഠനവിജ്ഞാന യാത്രയും സംഘടിപ്പിച്ചു. അബുദാബി കമ്യൂണിറ്റി പോലീസിന്റേയും അബുദാബി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റേയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് രണ്ട് ദിവസങ്ങളിലായി ബോധവത്കരണ പരിപാടികളും നടത്തി.

വേനല്‍തുമ്പികളുടെ സമാപന ദിവസമായ ഇന്ന് ക്യാമ്പില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന കലാരൂപങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്ത നൂറ്റമ്പതോളം കുട്ടികള്‍ ചേര്‍ന്ന് രംഗത്ത് അവതരിപ്പിക്കുമെന്ന് സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള