ഫ്രന്റ്സ് ക്രിയേഷന്‍സ് സൌദി ദേശീയദിനാഘോഷം
Friday, August 29, 2014 6:55 AM IST
റിയാദ്: സൌദി ദേശീയദിനത്തോടനുബന്ധിച്ച് ഫ്രന്റ്സ് ക്രിയേഷന്‍സ് റിയാദില്‍ വിപുലമായ കലാ, സാംസ്കാരിക സംഗീത പരിപാടികള്‍ ഒരുക്കുന്നു. റമാദ് ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 23ന് (ചൊവ്വ) നടക്കുന്ന ഇന്തോ- സൌദി സാംസ്കാരിക സംഗമത്തില്‍ സൌദി കലാകാരന്‍മാരും പങ്കെടുക്കും.

ദേശ ഭക്തിഗാനങ്ങളും സൌദി പരമ്പരാഗത നൃത്തവും റിയാദിലെ യുവഗായകര്‍ അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. വിവിധ മേഖലകളില്‍ മലയാളി സമൂഹത്തിന് ഏറെ സഹായകരമായി പ്രവര്‍ത്തിക്കുന്ന അഞ്ച് സൌദി പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങില്‍ റിയാദിലെ നൂറോളം പ്രാദേശിക സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള മുഖാമുഖവും നടക്കും.

വ്യവസായ രംഗത്തും കാര്‍ഷികരംഗത്തും ബാങ്കിംഗ് മേഖലയിലും പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രമുഖ വ്യക്തികളുമായി മുഖാമുഖം, നോര്‍ക്ക ഡയറക്ടര്‍ നോയല്‍ തോമസുമായുള്ള ചോദ്യോത്തര സെഷന്‍ എന്നിവയുണ്ടാകും.

പ്രദേശിക സംഘടനകള്‍ നാട്ടില്‍ നടത്താനിരിക്കുന്ന പുനരധിവാസ പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടക്കും. ചെറുകിട വ്യവസായ യൂണിറ്റ് തുടങ്ങുവാനും കാര്‍ഷിക മേഖലയിലും ബാങ്കിംഗ് മേഖലയിലുമുള്ള പ്രശ്നങ്ങളെക്കുറിച്ചും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നാട്ടിലെ പ്രമുഖരുമായി ഓണ്‍ലൈന്‍ ചര്‍ച്ച നടക്കും. ഫ്രന്റ്സ് ക്രിയേഷന്‍സ് എക്സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കിയ പത്ത് പ്രാദേശിക സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തെ അഭിസംബോധന ചെയ്യും.

വൈകുന്നേരം ഏഴു മുതല്‍ ഗാനമേളയും അറബ് സാംസ്കാരിക പരിപാടികളും അരങ്ങേറും. റിയാദിലെ ബിസിനസ് രംഗത്തും സാമൂഹ്യ, സാംസ്കാരിക രംഗത്തും മാധ്യമ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയില്‍ സംബന്ധിക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍