ബത്ഹയില്‍ അഞ്ച് മലയാളി യുവാക്കള്‍ കവര്‍ച്ചക്കിരയായി
Friday, August 29, 2014 6:49 AM IST
റിയാദ്: കൊല്ലം സ്വദേശികളായ അഞ്ചു യുവാക്കള്‍ ബത്ഹയിലെ തങ്ങളുടെ താമസസ്ഥലത്തുവച്ച് കവര്‍ച്ചക്കിരയായി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം.

കൊല്ലം സ്വദേശി ശിഹാബ് സുബഹി നിസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് താമസിക്കുന്ന കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന വതില്‍ തുറന്ന് അകത്തേക്ക് കടക്കുന്നതിനിടയില്‍ പെട്ടന്ന് അവിടെയെത്തിയ മൂന്ന് കറുത്ത വര്‍ഗക്കാരായ യുവാക്കള്‍ ശിഹാബിന്റെ കഴുത്തില്‍ കത്തി വച്ച് മുറിയിലേക്ക് നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മുറിയിലെത്തി ആ സമയം മുറിയിലുണ്ടായിരുന്ന മറ്റു രണ്ടു പേരെയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മുറിയിലുണ്ടായിന്ന മൂന്ന് ലാപ്ടോപ്പുകളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും എടുത്ത് ശിഹാബിനെയും മറ്റു രണ്ടുപേരെയും മുറിയില്‍ പൂട്ടിയിട്ട് അകമ്രികള്‍ അടുത്ത രണ്ട് മുറിയിലേക്കും പ്രവേശിച്ചു. മുറികളിലുണ്ടായിരുന്നവരെ കത്തി കഴുത്തില്‍വച്ച് ഭീഷണിപ്പെടുത്തി വിലപിടപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു.

മൂന്ന് മുറികളില്‍നിന്നായി മൂന്ന് ലാപ്പ്ടോപ്പുകളും എട്ട് മൊബൈല്‍ ഫോണുകളും ഏകദേശം 4000ത്തോളം റിയാലുമാണ് അക്രമികള്‍ കവര്‍ച്ച ചെയ്തത്. ശിഹാബിനെ കൂടാതെ ഷക്കീര്‍, ഷാനിദ്, യാസിര്‍, ഹമീദ് എന്നിവര്‍ക്കാണ് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ട്ടപ്പെട്ടത്. എല്ലാവരും കൊല്ലം സ്വദേശികളാണ്. ഓരോ മുറിയില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്തിട്ട് മുറിയിലുണ്ടായിരുന്നവരെ അകത്ത് പൂട്ടിയിട്ടിനുശേഷമാണ് അടുത്ത മുറികളില്‍ കവര്‍ച്ച നടത്തിയത്്.

പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. പോലീസിന്റെയും പാസ്പോര്‍ട്ട് വിഭാഗത്തിന്റേയും വ്യാപകമായ തെരച്ചിലുകള്‍ക്കുശേഷം പിടിച്ചുപറിയും തട്ടിപ്പുകളും കൊള്ളയും വലിയ തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍ അടുത്ത കാലത്ത് ഇത് വീണ്ടും വ്യാപകമായിരിക്കുകയാണ്. അനധികൃത താമസക്കാരായ ആഫ്രിക്കന്‍ വംശജരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നിലെന്ന് പറയപ്പെടുന്നു. ബത്ഹയിലേയും പരിസരങ്ങളിലേയും വീടുകളില്‍പോലും കയറി കൊള്ളയടിക്കുന്ന രീതി വീണ്ടും തുടങ്ങിയതില്‍ ഏറെ ഭീതി പൂണ്ടാണ് പ്രവാസി കുടുംബങ്ങള്‍ കഴിയുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍