ഒഐസിസി റിയാദ് തെരഞ്ഞെടുപ്പിന് തയാറെടുക്കുന്നു
Friday, August 29, 2014 6:49 AM IST
റിയാദ്: വീറും വാശിയും നിറഞ്ഞ തീര്‍ത്തും ജനാധിപത്യരീതിയിലുള്ള ഒരു തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നിര്‍വാഹക സമിതിയോഗം ഇന്ന് ചേരുകയാണ്. സൌദി അറേബ്യയിലെ നാഷണല്‍ കമ്മിറ്റിക്ക് കീഴിലുള്ള മറ്റ് പ്രൊവിന്‍സുകിളിലെ സെന്‍ട്രല്‍ കമ്മിറ്റികളിലെല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും റിയാദില്‍ മാത്രം ചില സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു. പ്രമുഖ ഭാരവാഹികളും പ്രവര്‍ത്തകരും വേനല്‍ക്കാല അവധിയില്‍ നാട്ടിലായതിനാലാണ് സെപ്റ്റംബറിലേക്ക് തെരഞ്ഞെടുപ്പ് നീട്ടിവച്ചത് എന്നായിരുന്നു വിശദീകരണം.

മുന്‍ തീരുമാനപ്രകാരം സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്നാണ് ഒരു പ്രമുഖ ഭാരവാഹി പറഞ്ഞത്. എന്നാല്‍ പ്രശ്നങ്ങള്‍ ജില്ലാ കമ്മിറ്റികള്‍ തൊട്ട് നിലനില്‍ക്കുകയാണെന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് വിഘടിച്ച് നില്‍ക്കുന്നവരെ കൂടി ഉള്‍പ്പെടുത്തി വേണം നടത്താനെന്നുമാണ് വിമത വിഭാഗത്തിന്റെ ആവശ്യം. ഇത്തവണ നാലായിരം മെംബര്‍മാരെ ചേര്‍ത്തതില്‍ അറുനൂറിലേറെ പേര്‍ വിഘടിത വിഭാഗത്തിന്റേതാണ്. ഇതടക്കം സെന്‍ട്രല്‍ കമ്മിറ്റി സ്വീകരിച്ച് കെപിസിസിയില്‍ എത്തിച്ചിട്ടുണ്ട്. അസ്വാരസ്യങ്ങള്‍ പരമാവധി ഒഴിവാക്കി ഒരു സംഘടനയില്‍ യോജിച്ചു കൊണ്ടു പോകാന്‍ കഴിയുന്നവരെ ഒന്നിച്ചു നിര്‍ത്തി മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പ്രസിഡന്റ് സി.എം കുഞ്ഞി കുമ്പള പറഞ്ഞു. എന്നാല്‍ സംഘടനയെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും അത് വെച്ചു പൊറുപ്പിക്കില്ലെന്നും കുഞ്ഞി കുമ്പള പറഞ്ഞു. റിയാദിലെ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനത്തില്‍ ഏറെ പഴക്കവും തഴക്കവുമുള്ള സി.എം കുഞ്ഞി പ്രവര്‍ത്തകര്‍ക്കിടയില്‍ നല്ല സ്വീകാര്യനാണ്.

പ്രശ്നങ്ങളും വാക്കുതര്‍ക്കങ്ങളുമില്ലാതെ സുതാര്യമായൊരു തെരഞ്ഞെടുപ്പിന് ഒഐസിസിയില്‍ കളമൊരുങ്ങുമെന്നു തന്നെയാണ് ഭൂരിപക്ഷം പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്. ഇന്ന് വെകുന്നേരം നടക്കുന്ന നിര്‍വാഹക സമിതി യോഗത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും പ്രതീക്ഷിക്കപ്പെടുകയാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍