കൈകൊണ്ട് രേഖപ്പെടുത്തിയ പാസ്പോര്‍ട്ടുകള്‍ ആഗോള തലത്തില്‍നിന്നും ഒഴിവാക്കും
Friday, August 29, 2014 6:48 AM IST
ദമാം: യന്ത്ര സഹായത്തോടെ വായിക്കാന്‍ പറ്റാത്ത പാസ്പോര്‍ട്ടുകള്‍ ആഗോളതലത്തില്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി 2015 നവംബര്‍ 24 വരെയായി ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷേന്‍ തീരുമാനിച്ചു.

പേരും മറ്റ് വിവരങ്ങളും കൈ അക്ഷരത്തില്‍ രേഖപ്പെടുത്തിയ പാസ്പോര്‍ട്ടുകള്‍, കുറഞ്ഞ സാധുതയുള്ളതും കൈ അക്ഷരത്തില്‍ രേഖപ്പെടുത്തിയ പാസ്പോര്‍ട്ടുകള്‍ പ്രത്യേകമായി എന്തെങ്കിലും എഴുതി ചേര്‍ത്തതോ എടുത്തുകളയുകയോ ചെയ്ത പാസ്പോര്‍ട്ടുകള്‍ 20 വര്‍ഷ കാലാവധിയുള്ള പാസ്പോര്‍ട്ടുകള്‍ എന്നിവയാണ് യന്ത്ര സഹായത്താല്‍ വായിക്കാന്‍ പറ്റാത്ത തരത്തിലുള്ള പാസ്പോര്‍ട്ടുകള്‍.

ഇത്തരത്തിലുള്ള പാസ്പോര്‍ട്ടുകളില്‍ 2015 നവംബര്‍ മുതല്‍ വിദേശരാജ്യങ്ങളുടെ വീസ് സ്റാമ്പ് ചെയ്യുന്നതിനും തടസം നേരിടാന്‍ സാധ്യതയുണ്ട്.

യന്ത്ര സഹായത്താല്‍ വായിക്കാന്‍ പറ്റാത്തതരത്തിലുള്ള പാസ്പോര്‍ട്ടുകള്‍ എത്രയും വേഗം മാറ്റി പുതിയ പാസ്പോര്‍ട്ട് എടുക്കണമെന്ന് സൌദിയിലെ ഇന്ത്യന്‍ എംബസിയും ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം