അറ്റ്ലാന്റയില്‍ 'ഗാമ' ഓണാഘോഷങ്ങള്‍ ഓഗസ്റ് 30-ന്
Thursday, August 28, 2014 4:47 AM IST
അറ്റ്ലാന്റാ: ഗ്രേറ്റര്‍ അറ്റ്ലാന്റാ മലയാളി അസോസിയേഷന്റെ (ഗാമ) നേതൃത്വത്തിലുള്ള ഓണാഘോഷങ്ങള്‍ ഓഗസ്റ് 30-ന് ശനിയാഴ്ച 11.30 മുതല്‍ വൈകുന്നേരം 5.30 വരെ ലോറന്‍സ് വില്ലിലുള്ള മൌണ്ടന്‍ ഹൈസ്കൂളില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് ഗാമ പ്രസിഡന്റ് തോമസ് ഈപ്പന്‍ അറിയിച്ചു. 'ഓണവിസ്മയം-2014' എന്ന പേരില്‍ നടത്തപ്പെടുന്ന ഗാമയുടെ 34-മത്തെ ഓണാഘോഷങ്ങള്‍ക്കാണ് ഇത്തവണ തിരശീല ഉയരുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി 11.30 മുതല്‍ വിഭവസമൃദ്ധമായ ഓണസദ്യ തൂശനിലയില്‍ വിളമ്പുന്നതാണ്. തുടര്‍ന്ന് ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും, പുലികളിയുടേയും അകമ്പടിയോടെ മഹാബലി തമ്പുരാന്റെ എഴുന്നള്ളത്ത് നടക്കും. വര്‍ണ്ണമനോഹരമായ അത്തപ്പൂക്കളവും, ബാല്യകാല ഓണസ്മൃതികളുണര്‍ത്തുന്ന നൃത്തനൃത്യങ്ങളും ഇമ്പമാര്‍ന്ന ഓണപ്പാട്ടുകളുമെല്ലാം വിവിധങ്ങളായ കലാപരിപാടികളുടെ ഭാഗമായിരിക്കുമെന്ന് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ മനു ഗോവിന്ദ് അറിയിച്ചു.

മഹാബലിയുടെ പദനിസ്വനത്തിനു കാതോര്‍ക്കുന്ന മലയാളി മനസ്സിന് ഓര്‍മ്മകളുടെ അഭ്രപാളികളില്‍ സൂക്ഷിക്കാവുന്ന ഓണാഘോഷങ്ങളാണ് ഇത്തവണ ഒരുക്കുന്നതെന്ന് ഗാമയുടെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിച്ചു. അറ്റ്ലാന്റയുടെ പരിസര പ്രദേശങ്ങളില്‍ നിവസിക്കുന്ന എല്ലാ മലയാളി കുടുംബങ്ങളും പരിപാടികളില്‍ പങ്കെടുത്ത് വന്‍വിജയമാക്കണമെന്ന് പ്രസിഡന്റ് തോമസ് ഈപ്പന്‍, സെക്രട്ടറി മാത്യു ഏബ്രഹാം, ട്രഷറര്‍ ഷൈബി വിതയത്തില്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: ംംം.ഴമാമീിഹശില.ീൃഴ മാത്യു ഏബ്രഹാം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം