പ്രവാസികളെ മോഹിപ്പിച്ച് വീണ്ടും എയര്‍ ഇന്ത്യ
Wednesday, August 27, 2014 8:43 AM IST
റിയാദ്: എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഒന്നായതിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഓഗസ്റ് 27 മുതല്‍ അഞ്ച് ദിവസത്തേക്ക് 100 രൂപക്ക് എയര്‍ ഇന്ത്യാ ടിക്കറ്റ് എന്ന സമ്മാനം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ വീണ്ടും പ്രവാസികളടക്കമുള്ളവരെ മോഹിപ്പിച്ചു.

രാത്രി ഉറക്കമൊഴിച്ച് ഓഗസ്റ് 27 പുലരാന്‍ കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. ചൊവ്വാഴ്ചയാണ് എയര്‍ ഇന്ത്യ ഇങ്ങനെയൊരു സമ്മാന പദ്ധതി പ്രഖ്യാപിച്ചത്. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം. എണ്ണയുടെ സര്‍ചാര്‍ജും നികുതികളും കൂടാതെയുള്ള ടിക്കറ്റ് നിരക്ക് 100 രൂപ എന്നാണ് അറിയിപ്പ് വന്നത്. പ്രവാസലോകത്ത് വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയകളിലൂടെ അടക്കം ഈ വാര്‍ത്ത പെട്ടെന്ന് പ്രചരിക്കപ്പെട്ടു. എന്നാല്‍ ഏത് സെക്ടറിലാണ് ആനുകൂല്യമെന്ന് വ്യക്തമാക്കിയിരുന്നില്ല.

ബുധനാഴ്ച വൈകുന്നേരവും എയര്‍ ഇന്ത്യ വെബ് സൈറ്റ് താത്കാലികമായി ലഭ്യമല്ല എന്ന സന്ദേശമാണ് കാണിക്കുന്നത്. 100 രൂപക്ക് ടിക്കറ്റ് ലഭിക്കാത്തതിന്റെ അരിശം തീര്‍ക്കലായിരുന്നു പിന്നീട് ഫേസ്ബുക്കടക്കമുള്ള സോഷ്യല്‍ മീഡിയകളിലെല്ലാം. എയര്‍ ഇന്ത്യക്കെതിരെ ശകാരവര്‍ഷങ്ങളുമായി പ്രവാസികളാണ് പ്രതിഷേധങ്ങളില്‍ മുന്നില്‍. ജോലി പോലും നിര്‍ത്തിവച്ച് പുലര്‍ച്ചെ മുതല്‍ എയര്‍ ഇന്ത്യ വെബ്സൈറ്റിനു മുമ്പില്‍ കുത്തിയിരിക്കുന്ന പ്രവാസികള്‍ നിരവധിയാണ്. ഒരാള്‍ക്ക് പോലും 100 രൂപക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിച്ചതായി വിവരമില്ല.

എന്നാല്‍ എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിശദീകരണം വെബ് സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സെര്‍വറിലുണ്ടായ തകരാറ് കാരണമാണ് വെബ് സൈറ്റ് പ്രവര്‍ത്തിക്കാത്തതെന്നാണ്. ബുധനാഴ്ച ഉച്ചയോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് എയര്‍ ഇന്ത്യയില്‍ നിന്നും ഔദ്യോഗിക അറിയിപ്പുണ്ടായെങ്കിലും വൈകിട്ടും പ്രവര്‍ത്തനക്ഷമമായിട്ടില്ല. ട്രാവല്‍ ഏജന്റുമാര്‍ക്ക് ജിഡിഎസ് (ഗ്ളോബല്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം) വഴി സാധാരണ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ട്.

ഓഗസ്റ് 27 മുതല്‍ സെപ്റ്റംബര്‍ 30 വരെ യാത്ര ചെയ്യാവുന്ന ടിക്കറ്റകള്‍ ഓഗസ്റ് 27 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലാണ് 100 രൂപക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുക എന്നാണ് എയര്‍ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചത്. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഒന്നായ ദിവസമായ ഓഗസ്റ് 27 എയര്‍ ഇന്ത്യാ ദിനമായി ആചരിക്കാന്‍ ആദ്യമായാണ് എയര്‍ ഇന്ത്യ തീരുമാനിച്ചത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍