കേളി അല്‍ഖര്‍ജ് ഏരിയ സമ്മേളനം സംഘടിപ്പിച്ചു
Wednesday, August 27, 2014 8:37 AM IST
അല്‍ഖര്‍ജ്: നരേന്ദ്രമോദി സര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്ന കാവി പുതപ്പിച്ച കോണ്‍ഗ്രസ് നയങ്ങള്‍ നാടിനാപത്താണെന്നും വികസനത്തിന്റെ പുകമറ സൃഷ്ടി ച്ച് കോര്‍പ്പറേറ്റ് പ്രീണന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ദസ്തകീര്‍ പറഞ്ഞു. പി.കെ. ചന്ദ്രാനന്ദ നഗറില്‍ ചേര്‍ന്ന ആറാമത് കേളി അല്‍ഖര്‍ജ് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക നയങ്ങള്‍ കോണ്‍ഗ്രസിന്റെ ആഗോളവത്കരണ നയങ്ങളില്‍ നിന്ന് വ്യത്യസ്ഥമോ ജനങ്ങളെ ഏതെങ്കിലും വിധ ത്തില്‍ സഹായിക്കുന്നതോ അല്ല. കോണ്‍ഗ്രസിന്റെയും സംഘപരിവാറിന്റെയും സാമ്പത്തിക നയങ്ങള്‍ ഭിന്നമല്ലെന്ന് ഇതിനകം വ്യക്തമായിട്ടുള്ളതാണ്. പെട്രോള്‍ ഡീസല്‍ വില വര്‍ധനയിലും തീവണ്ടിക്കൂലി വര്‍ധനയിലും മാസാമാസം ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലും എണ്ണവില വര്‍ധനക്കനുസരിച്ച് തീവണ്ടിക്കൂലി വര്‍ധിപ്പിണമെന്നുമുള്ള പ്രഖ്യാപനത്തിലും നവ ലിബറല്‍ നയങ്ങളോടുള്ള നരേന്ദ്രമോദിയുടെ പ്രതിബദ്ധതയാണ് തെളിയുന്നത്. മോദി അധികാരമേറ്റ് ദിവസങ്ങള്‍ക്കകം തന്നെ രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും ഐക്യവും അപകടപ്പെടുത്തുന്ന നിരവധി ഇടപെടലുകള്‍ സര്‍ക്കാരില്‍ നിന്നും സംഘപരിവാറില്‍ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ഇത് നാടിനെ അരാജകത്വത്തിലേക്കേ നയിക്കുകയുള്ളുവെന്നും ദസ്തകീര്‍ പറഞ്ഞു.

സിയാദ് മണ്ണഞ്ചേരി, രാജന്‍ പള്ളിത്തടം, ഷഫീഖ് എന്നിവരടങ്ങുന്ന പ്രസീഡിയവും മുഹമ്മദ് കുഞ്ഞു വള്ളികുന്നം, ജോസഫ് ടി.ജി എന്നിവരടങ്ങുന്ന സ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. വേണുഗോപാല്‍, സത്യപാല്‍, രാജു (മിനിറ്റ്സ്), പ്രദീപ്, റിംഷാദ്, കിരണ്‍ (പ്രമേയം), വിനയന്‍, രാധാകൃഷ്ണന്‍, ലിപിന്‍ (ക്രഡന്‍ഷ്യല്‍) എന്നിവര്‍ വിവിധ സബ്കമ്മിിറ്റികളുടെ ചുമതല നിര്‍വഹിച്ചു. ആക്ടിംഗ് ഏരിയ സെക്രട്ടറി ജോസഫ് ടി.ജി പ്രവര്‍ത്തന റിപ്പോര്‍ട്ടും കേളി ജോ. സെക്രട്ടറിയും കേന്ദ്ര രക്ഷാധികാരി സമിതി അംഗവുമായ സജീവന്‍ ചൊവ്വ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വിജയരാഘവന്‍, പ്രദീപ്, രാജീവന്‍ കോളോത്ത്, ഗിരീഷ്കുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പ്രതിനിധികളുടെ ചര്‍ച്ചക്ക് കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി റഷീദ് മേലേതില്‍, ആക്ടിംഗ് ഏരിയ സെക്രട്ടറി ജോസഫ് ടി.ജി, ട്രഷറര്‍ മുഹമ്മദലി എന്നിവര്‍ മറുപടി പറഞ്ഞു. 19 അംഗ ഏരിയ കമ്മിറ്റിയെയും എട്ടാം കേന്ദ്രസമ്മേളന പ്രതിനിധികളേയും സമ്മേളനം ഏകകണ്ഠേന തെരഞ്ഞെടുത്തു. കേന്ദ്ര രക്ഷാധികാരിസമിതി അംഗങ്ങളായ കുഞ്ഞിരാമന്‍, ബി.പി. രാജീവന്‍, കേളി വൈസ് പ്രസിഡന്റ് ഷൌക്കത്ത് നിലമ്പൂര്‍, ജോ. സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു. നിയുക്ത ഏരിയ സെക്രട്ടറി ശ്രീകാന്ത് നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികളായി ശ്രീകാന്ത് (സെക്രട്ടറി), (ജോ. സെക്രട്ടറിമാര്‍), വിനയന്‍ (പ്രസിഡന്റ്), (വൈസ് പ്രസിഡന്റുമാര്‍), ജോസഫ് ടി.ജി. (ട്രഷറര്‍). കമ്മിറ്റി അംഗങ്ങളായി അബ്ദുള്‍ സത്താര്‍, വേണുഗോപാലപിള്ള, ജോണി കാപ്പില്‍, സിയാദ്, ബാലു, മോഹനന്‍, ലിപിന്‍, രാജു സി.കെ, മണ്‍സൂര്‍, രാധാകൃഷ്ണന്‍, രാജീവന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍