എസ്എംസിസി സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Wednesday, August 27, 2014 2:56 AM IST
ലോസ്ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ ഭാരതത്തിന്റെ അറുപത്തിയെട്ടാം സ്വാതന്ത്യ്രദിനം സമുചിതമായി ആഘോഷിച്ചു. ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) ആഭിമുഖ്യത്തിലാണ് എട്ടാംവര്‍ഷവും തുടര്‍ച്ചയായി ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.

പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍ കുര്‍ബാനയ്ക്കുശേഷം പള്ളിയങ്കണത്തിലൂടെയുള്ള വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ ഇടവകാംഗങ്ങള്‍ എല്ലാവരും പങ്കുചേര്‍ന്നു. ഭാരതമാതാവിന്റെ വേഷമണിഞ്ഞ് ഇന്ത്യന്‍ ദേശീയപതാകയും കൈയ്യിലേന്തി ആര്യ ആനന്ദ് കുഴിമറ്റത്തിലും, അമേരിക്കന്‍ പതാക വഹിച്ചുകൊണ്ട് ജെറിന്‍ സെബാസ്റ്യന്‍ വെള്ളൂക്കുന്നേലും ഘോഷയാത്രയ്ക്ക് മുന്നില്‍ നടന്നു.

ഫൊറോനാ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ അഭാവത്തില്‍ ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ സ്വാതന്ത്യ്രദിന സന്ദേശം നല്‍കി. സിസ്റേഴ്സും ഇടവക ഗായകസംഘാംഗങ്ങളും ചേര്‍ന്ന് ദേശഭക്തിഗാനവും, ദേശീയഗാനവും ആലപിച്ചു. സാന്ദ്രാ ജോര്‍ജ്, നിക്കോള്‍ ഗോഡ്ഫ്രൈ എന്നിവര്‍ ഗാനങ്ങളുടെ ഇംഗ്ളീഷ് പരിഭാഷ ആലപിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് ബൈജു വിതയത്തില്‍ സ്വാഗതവും, ട്രസ്റി ആനന്ദ് കുഴിമറ്റത്തില്‍ നന്ദിയും പറഞ്ഞു.

എസ്എംസിസി ദേശീയ വൈസ് പ്രസിഡന്റ് ജോര്‍ജുകുട്ടി തോമസ്, ട്രസ്റി ജോണ്‍സണ്‍ വണ്ടനാംതടത്തില്‍, സെബാസ്റ്യന്‍ വെള്ളൂക്കുന്നേല്‍, എല്‍സി ജോസ്, ബ്രിജിറ്റ് ലാല്‍, ജെയ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഇടവക സംഘാംഗങ്ങള്‍ സ്വാതന്ത്യ്രദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം