കുവൈറ്റില്‍ ഒഐസിസി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി
Tuesday, August 26, 2014 9:05 AM IST
കുവൈറ്റ്: പ്രവാസി മലയാളികള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമാകാന്‍ തയാറെടുത്ത് ഒഐസിസി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടത്തി. കേരളത്തിലെ കോണ്‍ഗ്രസ് സമ്മേളനങ്ങളെ അനുസ്മരിപ്പിച്ച് തുവെള്ള ഖദര്‍ ധാരികളുടെ സജീവ സാന്നിധ്യം സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കുളിനെ ഇന്ദിരാഭവനാക്കി.

കണ്‍വന്‍ഷന്‍ നിറഞ്ഞ സദസിനെ സാഷിനിര്‍ത്തി ഒഐസിസി ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോകാന്‍ ഒഐസിസിക്കു കഴിയണമെന്ന് ആദ്ദേഹം ആഹ്വാനം ചെയ്തു.

വിരസമായ പ്രവാസജീവിതത്തിനിടയില്‍ പോലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും അതുയര്‍ത്തിപിടിക്കുന്ന മതേതരത്വ നിലപാടുകളും പ്രസക്തി നഷ്ടപെടാതെ ഇന്നും നിലനില്‍ക്കുന്നു എന്നതിനു ശക്തമായ തെളിവാണു ഒഐസിസി കുവൈറ്റ് കമ്മിറ്റിയുടെ കണ്‍വന്‍ഷനിലെ പ്രവര്‍ത്തക ബാഹുല്യം കാണിക്കുന്നതെന്നും പ്രവാസികള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാനും അവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസിലാക്കി പ്രവര്‍ത്തിക്കാനും ഒഐസിസി പ്രവര്‍ത്തകര്‍ തയാറാകണമെന്നും കുവൈറ്റിലെ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സന്നദ്ധ സേവന സംസ്കാരിക സംഘടന ഒഐസിസിയായിരിക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപെട്ടു.

ഒഐസിസി കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എ ഹിലാലിന്റെ അധ്യഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ ഒഐസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത്, ഗ്ളോബല്‍ കമ്മിറ്റിയംഗം എബി വരിക്കാട് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പുതുതായി തെരഞ്ഞെടുക്കപെട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഖദര്‍ ഷാള്‍ അണിയിച്ച് അഭിനന്ദിച്ചു. ഒഐസിസി മെംബര്‍ഷിപ്പ് കാര്‍ഡുകള്‍ ജില്ലാ പ്രസിഡന്റുമാര്‍ ഏറ്റുവാങ്ങി പ്രവര്‍ത്തക കണ്‍വന്‍ഷന് മുമ്പ് നടന്ന കേന്ദ്രകമ്മിറ്റിയംഗങ്ങളുടെയും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും യോഗത്തില്‍ ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റിയുടെ പ്രസിഡന്റായി വര്‍ഗീസ് പുതുകുളങ്ങരയെ ഐകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു. പുതിയ ദൌത്യവുമായി നേത്യത്വമേറ്റെടുത്ത വര്‍ഗീസ് പുതുകുളങ്ങരയ്ക്ക് കുവൈറ്റിലെ ഒഐസിസി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേത്യത്വം കൊടുക്കാന്‍ കഴിയട്ടെ എന്നും അതിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനപരിചയവും നേത്യത്വപാഠവവും തുണയാകട്ടെ എന്നും പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഒന്നടങ്കം ആശംസകള്‍ നേര്‍ന്നു.

ആശംസകള്‍ ഏറ്റുവാങ്ങി പ്രസംഗിച്ച വര്‍ഗീസ് പുതുകുളങ്ങര പ്രവര്‍ത്തകര്‍ക്കൊപ്പം എന്നും ഒഐസിസി പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചുകൊണ്ടും ശക്തിപെടുത്തിക്കൊണ്ടും മുന്നിലുണ്ടാവുമെന്നും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കുടുതല്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു, കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപെട്ട രണ്ടു വനിതാ അംഗങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. വര്‍ഗീസ് പുതുകുളങ്ങര സ്വാഗതവും ജോസഫ് തങ്കച്ചന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്