മദ്യനയത്തെ എതിര്‍ക്കുന്നവര്‍ സമൂഹത്തിന്റെ ശത്രുക്കള്‍: കെഎംസിസി
Tuesday, August 26, 2014 8:41 AM IST
റിയാദ്: കേരള സര്‍ക്കാറിന്റെ മദ്യനയത്തെ എതിര്‍ക്കാനും അതിന്റെ പ്രായോഗികതയെ ചൂണ്ടിക്കാണിച്ചു വിമര്‍ശിക്കാനും വരുന്നവര്‍ കേരളീയ സമൂഹത്തിന്റെ ശത്രുക്കളാണെന്നും നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന ഈ നിയമം പൂര്‍ണാര്‍ഥത്തില്‍ നടപ്പില്‍ വരുത്താന്‍ നാടിന്റെ നന്മ കാംക്ഷിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണയുണ്ടാകുമെന്നും റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. 

മദ്യനിരോധനത്തിലൂടെ തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും അതിനായി ഒരു സമിതിയെ നിയോഗിക്കുകയും വേണം. വ്യാജമദ്യ ലോബിയെ നാട്ടില്‍ നിന്നും തുരത്തിയോടിക്കുന്നതിന് പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ഓരോ സിറ്റികളിലും പ്രത്യേക സ്ക്വാഡുകള്‍ രൂപികരിക്കണം. മദ്യവും മയക്കുമരുന്നുമടക്കമുള്ള ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തില്‍ സമിതികള്‍ രൂപീകരിക്കുകയും അതുവഴി മദ്യനിരോധനത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിലേക്കെത്തിക്കാന്‍ സാധിക്കുമെന്നും യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് പുലര്‍ത്തിയ ശക്തമായ നിലപാട് പ്രശംസനീയവും മറ്റുള്ളവര്‍ക്ക് മാതൃകയുമാണ്. യോഗത്തില്‍ പ്രസിഡന്റ് നാസര്‍ മാങ്കാവ് അധ്യക്ഷത വഹിച്ചു. കെ.കെ.ഖാദര്‍, അക്ബര്‍ വേങ്ങാട്ട്, ഇസ്മായില്‍ പന്നൂര്‍, ഷരീഫ് പാലത്ത് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ താമരശേരി സ്വാഗതവും ട്രഷറര്‍ അബ്ദുള്ള കോട്ടപറമ്പ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍