ദൈവദശക ശതാബ്ദി ആഘോഷം നടത്തി
Tuesday, August 26, 2014 5:56 AM IST
കുവൈറ്റ്: ആത്മീയാചാര്യനും സാമൂഹ്യ പരിഷ്കര്‍ത്താവുമായ ശ്രീനാരായണ ഗുരുദേവന്‍ 1914ല്‍ രചിച്ച ദൈവദശകത്തിന്റെ ശതാബ്ദി, സേവാദര്‍ശന്‍ കുവൈറ്റ് വിവിധ കേന്ദ്രങ്ങളില്‍ ആഘോഷിച്ചു.

അബാസിയയിലും അബുഹലിഫയിലുമായി നടന്ന ആഘോഷ പരിപാടിയില്‍ കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ സംബന്ധിച്ചു. അബാസിയയില്‍ പ്രഭാവതിയും അബു ഹലിഫയില്‍ വിനോദ്കുമാറും അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. രൂപേഷ് പ്രഭാഷണം നടത്തി.

ഗുരുദേവ ദര്‍ശനങ്ങളുടേയും അവയുടെ കാലിക പ്രസക്തിയുടേയും ഓര്‍മപെടു ത്തലിലൂടെ സഞ്ചരിച്ച ചടങ്ങില്‍ വനിതകളും കുട്ടികളും അടങ്ങുന്ന സംഘം ദൈവദശകം ആലപിച്ചു. കേരള നവോഥാനത്തിന് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ ഗുരുദേവന്റെ കാലദേശാന്തരങ്ങളെ അതിജീവിച്ച പത്തു ശ്ളോകങ്ങള്‍ അടങ്ങിയ ദൈവദശകം ഒരു പ്രാര്‍ഥനാ ശ്ളോകത്തിനപ്പുറം അദ്വൈത ദര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി വരുംദിനങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കന്നതായിരിക്കുമെന്ന് സേവാദര്‍ശന്‍ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്