ജിദ്ദയില്‍ 1200 പേരുടെ സമൂഹ വിവാഹ ചടങ്ങ് സംഘടിപ്പിച്ചു
Monday, August 25, 2014 8:20 AM IST
ജിദ്ദ: ജിദ്ദ ആസ്ഥാനമായുള്ള ചാരിറ്റി സൊസൈറ്റി ഫോര്‍ മാര്യേജ് ആന്‍ഡ് ഫാമിലി ഗൈഡന്‍സിന്റെ ആഭിമുഖ്യത്തില്‍ 1200 പേരുടെ സമൂഹ വിവാഹ ചടങ്ങ് നടന്നു.

മദീന റോഡില്‍ ഹിറാ സൂഖിന് എതിര്വജശത്ത് ജിദ്ദാ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹമംഗള കര്‍മത്തില്‍ നൂറുകണക്കിനുപേര്‍ സാക്ഷികളായി.

മക്കാ ഗവര്‍ണര്‍ മിഷാല്‍ ബിന്‍ അബ്ദുള്ള അല്‍ സൌദ് രാജകുമാരന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഫാമിലി ഗൈഡന്‍സിന്റെ നേതൃത്വത്തില്‍ ഇത് 16-ാമത് മംഗള കര്‍മമാണ് ജിദ്ദയില്‍ നടക്കുന്നത്. 1200 വധൂവരന്മാരുടെ ബന്ധുക്കളും ചടങ്ങില്‍ സംബന്ധിച്ചു. ജിദ്ദയിലെ വിവിധ വിഭാഗങ്ങളിലെ ഓഫീസര്‍മാര്‍, പണ്ഡിതര്‍, ധര്‍മോപദേശകര്‍, ഗായകര്‍, കവികള്‍, കലാകാരന്മര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും വധൂരവരന്മാരുടെ ബന്ധുക്കളും അടങ്ങുന്ന വന്‍ ജനാവലി ചടങ്ങിനെത്തിയിരുന്നു.

വ്യത്യസ്തമായ കലാപരിപാടികള്‍ ചടങ്ങിനോടനുബന്ധിച്ച് നടന്നു. ഖുര്‍ആന്‍ പാരായണ ശേഷം സൌദി അറേബ്യയുടെ പരമ്പരാഗത നാടോടി നൃത്തത്തോടെയായിരുന്നു പരിപാടിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ജിദ്ദയിലെ പ്രശസ്തനായ കവിയുടെ കവിതാ പാരായണവും നടന്നു. ഒരുപറ്റം യുവാക്കള്‍ ചുവടുവച്ചാടിയ നാടോടി നൃത്തം സദസ്യര്‍ കരഘോഷത്തോടെ സ്വീകരിച്ചു. വൈദ്യുതിയെത്തും മുമ്പത്തെ കാലത്ത് പാനീസിന്റെ വെളിച്ചത്തില്‍ പെട്ടികളില്‍ സമ്മാനവുമായി വരനും സംഘവും നടന്നുനീങ്ങുന്നതിന്റെ പുനരാവിഷ്ക്കരണം ശ്രദ്ധേയമായിരുന്നു.

ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കാന്‍ സഹായ സഹകരണം നല്‍കിയതിന് മക്കാ ഗവര്‍ണര്‍ നന്ദി തന്റെ പ്രഭാഷണത്തില്‍ ചാരിറ്റി സൊസൈറ്റി ഫോര്‍ മാര്യേജ് ആന്‍ഡ് ഫാമിലി ഗൈഡന്‍സിന്റെ ചെയര്‍മാനും മക്കാ പ്രവിശ്യാ അപ്പീല്‍ കോടതി ന്യായാധിപനുമായ അബ്ദുള്ള അല്‍ ഉതൈം അറിയിച്ചു. വൈവാഹിക ജീവിതത്തിലേയ്ക്ക് കാലെടുത്തുവയ്ക്കുന്ന യുവമിഥുനങ്ങള്‍ക്ക് സര്‍വവിധ ആശംസകളും അര്‍പ്പിച്ച് അല്‍ ഉതൈം, സമൂഹത്തിന്റെ നാനാഭാഗത്തുനിന്നും നല്ല സഹകരണമാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കാന്‍ ലഭിച്ചതെന്ന് പറഞ്ഞു. വിവാഹമുല്യവും അനുബന്ധ ചടങ്ങും നടത്താന്‍ പ്രയാസപ്പെടുന്ന ഒട്ടേറെ യുവാക്കള്‍ക്ക് സഹായകരമാവുകയാണ് ഇത്തരം ചടങ്ങ്. സമൂഹാംഗങ്ങള്‍ വലിയ മാനുഷിക സഹായ സഹകരണമാണ് സമര്‍പ്പി ച്ചിട്ടുള്ളത്. പ്രത്യേകിച്ച് ജിദ്ദയിലെ വ്യവസായ പ്രമുഖരും വിവിധ ഗവണ്‍മെന്റ് വിഭാഗങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ സമൂഹവിവാഹങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലൊന്ന് ജിദ്ദയാണെന്ന് നിഗമനം. എല്ലാ വര്‍ഷവും വാര്‍ഷികാഘോഷംപോലെ നടക്കുന്ന ആയിരത്തിന് മുകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാ സമൂഹവിവാഹം കൂടാതെ ചെറുതും വലുതുമായ സമൂഹ വിവാഹം ചാരിറ്റി സൊസൈറ്റി ഫോര്‍ മാര്യേജ് ആന്‍ഡ് ഫാമിലി ഗൈഡന്‍സിന്റെ നേതൃത്വത്തില്‍ ജിദ്ദയില്‍ നടന്നുവരാറുണ്ട്. പ്രതിമാസം ആറായിരം റിയാല്‍ ശമ്പളം വരുമാനമുള്ള വരന്മാര്‍ക്കാണ് സമൂഹവിവാഹത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിക്കുക. തൊട്ടടുത്ത കോടതിയില്‍ നിന്നും നിക്കാഹ് കഴിച്ച രേഖ ഹാജരാക്കണം. ആദ്യവിവാഹമാണെന്ന് തെളിയിക്കണം. രണ്ടാം വിവാഹിതരാണെങ്കില്‍ നിലവിലുള്ള ഭാര്യ അസുബാധിതയാണെന്നതടക്കമുള്ള കാരണങ്ങള്‍ ബോധ്യപ്പെടുത്തണം. വിവാഹമൂല്യം നാല്‍പ്പതിനായിരം സൌദി റിയാല്‍ അല്ലെങ്കില്‍ തത്തുല്യമായ മുല്യത്തിലുള്ള സ്വര്‍ണം. എന്നാല്‍ സാധാരണ വിവാഹത്തിനു ലക്ഷക്കണക്കിനു റിയാലാണ് സൌദിയിലെ വിവാഹമൂല്യമായി പെണ്‍കുട്ടികള്‍ ആവശ്യപ്പെടാറുള്ളത്. ഇതാണ് പുരുഷന്മായര്‍ അവിവാഹിതരായി കഴിയാനുള്ള കാരണം.

ഇന്ത്യയില്‍ വിവാഹ സഹായം സാധാരണയായി വധുവിനാണ് ലഭിക്കാറുള്ളതെങ്കില്‍ ഗള്‍ഫ് നാടുകളില്‍ പണമില്ലാത്തതിന്റെ പേരില്‍ വിവാഹ പ്രായം കഴിഞ്ഞുനില്‍ക്കുന്നവര്‍ പുരുഷന്മരാണ്. ഒരു സ്ത്രീയെ തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരണമെങ്കില്‍ പുരുഷന് അതിനുള്ള സാമ്പത്തിക അടിത്തറയും മറ്റു സൌകര്യങ്ങളും വേണം. വധുവിന് വരനാണ് മഹര്‍ നല്‍കി വിവാഹം കഴിക്കേണ്ടതെന്നാണ് ഇസ്ലാമിക നിയമം. എന്നാല്‍ ഇന്ത്യയില്‍ സ്ത്രീധനംപോലെ ഗള്‍ഫ് നാടുകളില്‍ പുരുഷധനം സമ്പ്രദായം പല പുരുഷന്മര്‍ക്കും യഥാസമയം വിവാഹിതനാകാന്‍ തടസം നിലനില്‍ക്കുന്നു. കാരണം, വലിയ മഹര്‍ സ്ത്രീ ആവശ്യപ്പെടുന്ന അനിസ്ലാമിക പ്രവണത പല ഗള്‍ഫ് രാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് സൌദിയിലെ പ്രത്യേകിച്ച് ജിദ്ദയിലെ ചാരിറ്റി സൊസൈറ്റി ഫോര്‍ മാര്യേജ് ആന്‍ഡ് ഫാമിലി ഗൈഡന്‍സ് പോലെയുള്ള സ്ഥാപനങ്ങള്‍ പുരുഷന്മാര്‍ക്ക് അനുയോജ്യമായ വധുവിനെ കണ്െടത്തുന്നടക്കമുള്ള സഹായ സഹകരണങ്ങളും ചെയ്തുവരുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനുള്ളില്‍ 68,000 പേരാണ് ഈ പദ്ധതിയിലുടെ വിവാഹിതരായത്.

സ്വന്തമായി വിവാഹിതാരാകാന്‍ സാമ്പത്തികമായ കഴിവില്ലാത്തവര്‍ ചാരിറ്റി സൊസൈറ്റി ഫോര്‍ മാര്യേജ് ആന്‍ഡ് ഫാമിലി ഗൈഡന്‍സില്‍ പേര് രജിസ്റര്‍ ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. പഴയ എയര്‍പോര്‍ട്ടിനടുത്താണ് ഇതിന്റെ ഓഫീസ്. തുടര്‍ന്ന് സൊസൈറ്റി ഇവര്‍ക്ക് അനുയോജ്യമായ വധുവിനെ കണ്െടത്തുന്നു. വിവാഹത്തിനുള്ള സൌകര്യം ചെയ്തു കൊടുക്കുന്നു. ഇത് സൌദി പൌരന്മാര്‍ക്ക് മാത്രമുള്ളതല്ല. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്കും തങ്ങളുടെ ഇണയെ കണ്െടത്താന്‍ പേര് രജിസ്റര്‍ ചെയ്യാവുന്നതാണ്. പക്ഷേ, പലര്‍ക്കും ഇതേകുറിച്ച് അറിയില്ല. എന്നാല്‍ ജിദ്ദയില്‍ ജോലിചെയ്യുന്നവര്‍ക്കു മാത്രമെ ഇവിടെനിന്നുള്ള സൌകര്യം ലഭിക്കുകയുള്ളു. മലപ്പുറം ജില്ലയിലെ കൊണ്േടാട്ടിക്കടുത്ത് കീശേരി വീസപ്പടി സ്വദേശി ഇബ്രാഹിം പൊനാളി കഴിഞ്ഞ പതിനാല് വര്‍ഷമായി ഈ സ്ഥാപനത്തിലുണ്ട്.

ഹുണ്ടായി, ഐക്കിയ കമ്പനി തുടങ്ങിയ പ്രമുഖ കമ്പനികള്‍ കഴിഞ്ഞ ദിവസം വിവാഹിതരായവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. പങ്കെടുത്ത 600 വരന്മാരില്‍ നറുക്കെടുപ്പില്‍ വിജയിച്ച ആറ് പേര്‍ക്ക് വിലപിടിപ്പുള്ള കാര്‍ സമ്മാനമായി നല്‍കുകയുണ്ടായി. മക്കാ അമീര്‍ മിഷാല്‍ ബിന്‍ അബ്ദുള്ള അല്‍ സൌദ് രാജകുമാരനായിരുന്നു നറുക്കെടുപ്പ് നടത്തിയത്. മറ്റൊരു നറുക്കെടുപ്പില്‍ ബെഡ്റും സാധനങ്ങള്‍ക്ക് അഞ്ചുപേര്‍ അര്‍ഹരായി. കൂടാതെ വരന്മാരുടെ വീടുകളിലേക്കാവശ്യമായ മൊത്തം ഫര്‍ണിച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും സൌദിയിലെ പ്രമുഖ വ്യവസായി ഹാതിയ ബിന്ത അബ്ദുള്‍ ലത്തീഫ് ജമീല്‍ നല്‍കി.

സമൂഹ വിവാഹ ചടങ്ങിനുശേഷം വേദിക്ക് പുറത്തൊരുക്കിയ വിശാലമായ പന്തലില്‍ നടത്തിയ വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചാണ് ചടങ്ങില്‍ പക്കെടുത്തവര്‍ പിരിഞ്ഞുപോയത്. വരന്മാര്‍ ഇനിയുള്ള ദിവസങ്ങളില്‍ അവരവരുടെ വ്യക്തിസ്വാതന്ത്യ്രമനുസരിച്ച് സ്വന്തമായി വിവാഹ പാര്‍ട്ടി നടത്തിയും അല്ലാതെയും അവരവരുടെ പത്നിമാരെ താനൊരുക്കിയ ഫ്ളാറ്റുകളിലേയ്ക്ക്, മണിയറയിലേയ്ക്ക് കൊണ്ടുപോകും. അതോടെ വൈവാഹിക ജീവിതത്തിന്റെ പുതിയ തലത്തിലേക്ക് അവര്‍ പ്രതീക്ഷയും സ്വപ്നങ്ങളുമായി പ്രവേശിക്കും.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍