സൌദി കാര്‍ഷിക ഭക്ഷ്യ മേള സെപ്റ്റംബര്‍ ഏഴിന് ആരംഭിക്കും; 50 ഇന്ത്യന്‍ കമ്പനികള്‍ പ്രദര്‍ശനത്തിനെത്തുന്നു
Monday, August 25, 2014 3:57 AM IST
റിയാദ്: മൂപ്പത്തിമൂന്നാമത് സൌദി കാര്‍ഷിക മേളക്കും 21 -ാമത് ഭക്ഷ്യോല്‍പ്പന്ന പ്രദര്‍ശനത്തിനും സെപ്തംബര്‍ 7 ന് റിയാദ് ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ തുടക്കമാകും. ഇത്തവണ ഇന്ത്യയില്‍ നിന്നും അന്‍പത് പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. മധ്യേഷ്യയിലെ ഏറ്റവും ശ്രദ്ധേയമായ കാര്‍ഷിക പ്രദര്‍ശനമാണ് റിയാദില്‍ നടക്കുന്ന സൌദി അഗ്രികള്‍ച്ചര്‍ എക്സിബിഷന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി 350 കമ്പനികള്‍ ഇത്തവണ മേളയില്‍ പങ്കെടുക്കും.

ഇന്ത്യ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ (ഐടിപിഒ) അഗ്രികള്‍ച്ചര്‍ ആന്റ് പ്രോസസ്ഡ് ഫുഡ് എക്സ്പോര്‍ട്ട് ഡവലപ്പ്മെന്റ് അതോറിറ്റി(എപി.ഇഡിഎ) എന്നിവയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞ തവണ മുപ്പതോളം ഇന്ത്യന്‍ കമ്പനികള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. കാര്‍ഷിക ഭക്ഷ്യോല്‍പ്പാദന വിപണന കയറ്റുമതി രംഗത്ത് നേരിട്ടും അല്ലാതേയും പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളാണ് ഇക്കുറി പ്രദര്‍ശനത്തിനെത്തുന്നത്. പോള്‍ട്രി മേഖലയിലും സ്പൈസസ്, അരി, മാംസ്യ കയറ്റുമതിയിലും ഏര്‍പ്പെട്ടിരിക്കുന്ന നിരവധി കമ്പനികള്‍ ഇന്ത്യയില്‍ നിന്നും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് സൌദി അറേബ്യയിലെ ഭക്ഷ്യ കാര്‍ഷിക ഇറക്കുമതിയില്‍ വന്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്െടന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യന്‍ കാര്‍ഷിക ഭക്ഷ്യ വിഭവങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ സൌദി അറേബ്യക്ക് നാലാം സ്ഥാനമാണുള്ളത്. 2013-14 കാലയളവില്‍ സൌദി അറേബ്യയിലേക്ക് 2.05 ബില്യണ്‍ യു.എസ് ഡോളറിന്റെ ഭക്ഷ്യോല്‍പ്പന്നങ്ങളാണ് ഇന്ത്യ കയറ്റിയയച്ചത്. ഇത് മുന്‍ വര്‍ഷത്തേതില്‍ നിന്നും 43 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. സമീപ കാലത്ത് സുസ്ഥിരമായ വളര്‍ച്ചാനിരക്ക് കാണിക്കുന്ന ഇന്തോ സൌദി ഉഭയകക്ഷി വാണിജ്യബന്ധം 2009-2010 ലെ 21 ബില്യണ്‍ യു.എസ് ഡോളറില്‍ നിന്നും 132 ശതമാനം വളര്‍ച്ച നേടി 48.75 ബില്യണ്‍ യു.എസ് ഡോളറിലെത്തി നില്‍ക്കുകയാണ്.

സൌദി അറേബ്യയിലെ പ്രമുഖ ഡയറി ഫാമുകളും പോള്‍ട്രി ഫാമുകളും ഏറെ താല്‍പ്പര്യത്തോടെയാണ് സൌദി കാര്‍ഷിക മേളയില്‍ പങ്കെടുക്കുന്നത്. നാല് ദിവസം നിണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തിന് യൂറോപ്യന്‍ രാജ്യങ്ങളടക്കം നിരവധി വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍