മാനവ പുരോഗതിയില്‍ സൌദി ലോകത്ത് 34-ാം സ്ഥാനത്ത്; അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും
Sunday, August 24, 2014 7:15 AM IST
ദമാം: വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ മാനവ പുരോഗതിയില്‍ സൌദി അറേബ്യ ലോകത്ത് 34-ാം സ്ഥാനത്ത്.

2014 ല്‍ ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ചാണിത്. കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന യോഗത്തിലാണ് യുഎന്‍ഡിപിയും ഡന്മാര്‍ക്കും വിവിധ മേഖലകളിലെ മാനവപുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

യുഎന്‍ അസിസ്റന്റ് സെക്രട്ടറി ജനറല്‍ ജെന്‍സ് വാന്‍ഡല്‍ ഡെന്‍മാര്‍ക്ക് വിദേശ കാര്യ മന്ത്രി മാര്‍ട്ടിന്‍ ഹെര്‍മാന്‍ തുടങ്ങിയവരാണ് ലോകത്ത് മാനവസമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും പുരോഗതിയും സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നോര്‍വേ, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഹോളന്റ്, യുകെ തുടങ്ങിയ രാജ്യങ്ങളാണ് മാനവ പുരോഗതിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. പല രാജ്യങ്ങളിലും വിവിധ മേഖലകളില്‍ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും 200 കോടിയോളം വരുന്ന ജനങ്ങള്‍ ദാരിദ്രത്തിന്റെ പിടിയിലാണെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സൌദി ഭരണാധികാരി അബ്ദുള്ള രാജാവ് ജനങ്ങളുടെ ജീവിതം നിലവാരം ഉയര്‍ത്തുന്നതിനായി നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ്് മാനവ പുരോഗതിയില്‍ സൌദി അറേബ്യ ലോകത്ത് 34-ാം സ്ഥാനവും അറബ് ലോകത്ത് രണ്ടാം സ്ഥാനവും കൈവരിച്ചതെന്ന് യുഎന്നിലെ സൌദി അംബാസഡര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ അഖീല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം