വര്‍ഗീയ ഫാസിസ്റുകള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ സമൂഹം ജാഗരൂകരാകണം: റിയാദ് നവോദയ
Sunday, August 24, 2014 7:12 AM IST
റിയാദ്: സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടേയും ചില പത്രദൃശ്യ മാധ്യമങ്ങളിലൂടെയും വര്‍ഗീയ ശക്തികള്‍ സമൂഹത്തില്‍ ധ്രൂവീകരണം ലക്ഷ്യമിട്ട് നടത്തുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കേണ്ടത് മതേതരജനാധിപത്യ വാദികളുടെ കടമയാണെന്നും അതിനെതിരെ ജാഗരൂകരാകണമെന്നും റിയാദ് നവോദയ സെമിനാര്‍ ആവശ്യപ്പെട്ടു.

നവോദയയുടെ അഞ്ചാം വാര്‍ഷിക ദിനവും കൃഷ്ണപിള്ള അനുസ്മരണവും അനുബന്ധിച്ച് വര്‍ഗീയതയും ഫാസിസവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തവര്‍ കേരളത്തില്‍പോലും വളരുന്ന വര്‍ഗീയ ചിന്തകളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി.

യോഗം എന്‍ആര്‍കെ വൈസ് ചെയര്‍മാന്‍ നാസര്‍ കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ വിഷയാവതരണം നടത്തിയ ഷൈജു ചെമ്പൂര്‍ പീഢനങ്ങളും ജയില്‍വാസവും സഹിച്ച് പി.കൃഷ്ണപിള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജാതികോയ്മകള്‍ക്കും ജന്മിത്വത്തിനും എതിരെ നടത്തിയ പോരാട്ടങ്ങളെ പാഠമാക്കി പുതിയ തലമുറ വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ ശക്തമായ പോരാട്ടങ്ങള്‍ നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഓര്‍മപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ ചരിത്രത്തിലും പാഠ്യവിഷയങ്ങളിലും തിരുകി കയറ്റാന്‍ ശ്രമിക്കുന്ന കാവിവല്‍ക്കരണത്തെക്കുറിച്ച് വിഷയാവതാരകന്‍ മുന്നറിയിപ്പുനല്‍കി. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ആര്‍എസ്എസ് പ്രചാരകനായ ദിനാനാഥ് ബത്രയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍ അതിനുള്ള ആദ്യപടിയാണെന്ന് ഷൈജു പറഞ്ഞു. നേതൃമാറ്റത്തോടെ ആര്‍എസ്എസും ബിജെപിയും പരസ്പരം തിരിച്ചറിയാന്‍ കഴിയാത്തവിധം ഒന്നായിരിക്കുന്നു. ഹിന്ദുത്വ അജണ്ടകള്‍ ഓരോന്നായി മറനീക്കി പുറത്തുവരികയാണ്. ഗാസയില്‍ രക്തം ചിന്തിയ പിഞ്ചുകുട്ടികള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍പോലും കഴിയാത്തവിധം തിമിരം ബാധിച്ചിരിക്കുന്നു ഭരണകൂടത്തിന്. ഒത്തൊരുമയോടെ ഒന്നിച്ച് ഒരു റൂമില്‍ ചോറുണ്ട് കഴിയുന്ന പ്രവാസികളെപ്പോലും ഭിന്നിപ്പിക്കാന്‍ സോഷ്യല്‍ സൈറ്റുകളിലെ വര്‍ഗീയ പ്രചാരകര്‍ ശ്രമിക്കുന്നുണ്െടന്ന് ഷൈജു ഓര്‍മിപ്പിച്ചു. കാവിവത്കരണം എന്താണെന്ന് അറിയാത്തതുകൊണ്ടാവണം കേരളത്തില്‍ മുസ്ലിം ലീഗ് സര്‍വതിലും പച്ച നിറംപിടിപ്പിച്ച് വിഡ്ഢി വേഷം കെട്ടുന്നതെന്ന് പ്രബന്ധം പരിഹസിച്ചു. ഇറാക്കില്‍ ഐസിഎസ് ഭീകരവാദികളുടെ ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇന്ത്യയിലെ മതനേതൃത്വം തയാറാകാത്തതും വിമര്‍ശനകരമാണ്. കേരളത്തില്‍ ആര്‍എസ്എസും എന്‍ഡിഎഫും മാത്രമല്ല എസ്എന്‍ഡിപിയും എന്‍എസ്എസും ക്രിസ്തീയ സഭകളും വര്‍ഗീയതയുടെ പ്രചാരകരായിമാറുന്ന അപകടകരമായ കാഴ്ചയാണുള്ളതെന്നും പ്രബന്ധം അഭിപ്രായപ്പെട്ടു.

അരനൂറ്റാണ്ടിലധികമായി കോണ്‍ഗ്രസ് കാത്തുസൂക്ഷിച്ച ജനാധിപത്യവും മതേതരത്വവും നരേന്ദ്ര മോദി തകര്‍ക്കുകയാണെന്ന് സെമിനാറില്‍ സംസാരിച്ച ഒഐസിസി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ കുറ്റപ്പെടുത്തി. കേരള സര്‍ക്കാര്‍ മതസാമുദായിക ശക്തികളുമായി പലകാര്യങ്ങളിലും സന്ധി ചെയ്യുന്നത് വര്‍ഗീയത വളര്‍ത്താന്‍ കാരണമാകുന്നുണ്െടന്ന് ന്യൂ ഏജ് പ്രതിനിധി സക്കീര്‍ വടക്കുംതല ഉദാഹരണങ്ങള്‍ സഹിതം സമര്‍ഥിച്ചു.

നവോദയ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ സംഘടനാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെക്രട്ടറി അന്‍വാസ് വിവരിച്ചു. വര്‍ഗീയ വിരുദ്ധ പ്രതിജ്ഞ അഹമ്മദ് മേലാറ്റൂര്‍ ചൊല്ലിക്കൊടുത്തു. നസീര്‍ റിയ, അബൂബക്കര്‍ സിദ്ദീഖ്, നിജാസ്, കുമ്മിള്‍ സുധീര്‍, ഉദയഭാനു, ഹനീഫാ കൂട്ടായി എന്നിവര്‍ പ്രസംഗിച്ചു. നവോദയ പ്രസിഡന്റ് രതീഷ് അധ്യക്ഷനായിരുന്നു. അന്‍വാസ് സ്വാഗതവും രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠജേതാവുമായ യു.ആര്‍. അനന്തമൂര്‍ത്തിയുടെ മരണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍