പ്രവാസികള്‍ക്ക് ആവേശം പകര്‍ന്ന് യൂത്ത് ഇന്ത്യ നീന്തല്‍ മല്‍സരം
Sunday, August 24, 2014 7:07 AM IST
കുവൈറ്റ് സിറ്റി: പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ സംഘടിപ്പിച്ച നീന്തല്‍ മല്‍സരം മല്‍സരവീര്യത്തോടൊപ്പം വേനല്‍ ചൂടില്‍ വെന്തുരുകുന്ന പ്രവാസികള്‍ക്ക് കുളിര്‍മ പകര്‍ന്ന അനുഭവമായി. അബാസിയ, ഫര്‍വാനിയ, സാല്‍മിയ, ഫഹാഹീല്‍ എന്നീ സോണുകളിലെ മല്‍സരാര്‍ഥികള്‍ ഏറ്റുമുട്ടിയ വാശിയേറിയ മല്‍സരങ്ങള്‍ക്കൊടുവില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി അബാസിയ സോണ്‍ സോണ്‍ ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കിയപ്പോള്‍ ഫഹാഹീല്‍ സോണ്‍ റണ്ണേഴ്സ് അപ്പ് ട്രോഫി നേടി.

25 മീറ്റര്‍ ഫ്രീസ്റൈല്‍ മല്‍സരങ്ങളില്‍ ഫഹാഹീല്‍ സോണിലെ റംഷാദ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ അബാസിയ സോണിലെ പ്രജോയ് രണ്ടാം സ്ഥാനവും റി ച്ചാര്‍ഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

25 മീറ്റര്‍ ബാക്ക് സ്ട്രോക്ക് മല്‍സരത്തില്‍ അബാസിയ സോണിലെ മാര്‍ട്ടിന്‍ വര്‍ഗീസ് ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഫഹാഹീല്‍ സോണിലെ റംഷാദ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈയിനത്തില്‍ ഫഹാഹീല്‍ സോണിലെ തന്നെ സല്‍മാന്‍ മൂന്നാം സ്ഥാനം നേടി. റിലേമല്‍സരത്തില്‍ ഫഹാഹീല്‍ ടീം ഒന്നാം സ്ഥാനവും അബാസിയ ടീം രണ്ടാം സ്ഥാനവും നേടി. ഫര്‍വാനിയ ടീം മൂന്നാമതെത്തി. ആവേശകരമായ വാട്ടര്‍പോളോ മല്‍സരത്തില്‍ ഫര്‍വാനിയ ടീമിനെ കീഴടക്കി അബാസിയ സോണ്‍ ഒന്നാം സ്ഥാനക്കാരായി.

കുവൈറ്റ് സ്പോര്‍ട്ടിംഗ് ക്ളബ് സ്വിമ്മിംഗ് പൂളില്‍ സംഘടിപ്പിച്ച മല്‍സരത്തിലെ വിജയികളായ അബാസിയ സോണ്‍ കെഐജി പ്രസിഡന്റ് കെ.എ സുബൈറില്‍ നിന്നും വിന്നേഴ്സ് ട്രോഫി ഏറ്റുവാങ്ങി. യൂത്ത് ഇന്ത്യ പ്രസിഡന്റ റഫീഖ് ബാബു റണ്ണേഴ്സ് അപ് ട്രോഫി ഫഹാഹീല്‍ സോണിന് സമ്മാനിച്ചു. യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി പി.ടി ഷാഫി സ്പോര്‍ട്സ് കണ്‍വീനര്‍ നൌഫല്‍ എം.എം, അബ്ദുറസാഖ് നദ്വി, എന്‍.പി അബ്ദുറസാഖ് എന്നിവര്‍ വ്യക്തിഗത മെഡലുകള്‍ വിതരണം ചെയ്തു. ഷാഫി കോയ, മഹ്നാസ് മുസ്തഫ എന്നിവര്‍ ഡോക്കുമെന്റേഷന്‍ നിയന്ത്രിച്ചു. നൌഷാദ് വി.വി, സാജിദ് എ.സി, ഫൈസല്‍ വടക്കേക്കാട്, സാബിക്ക്, നൌഷര്‍, മുഹമ്മദ് സലീം, ഫായിസ് കെ.വി, ലായിക് അഹമ്മദ്, ഷഫീഖ് എന്നിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്