ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം 24 മുതല്‍
Saturday, August 23, 2014 5:17 AM IST
ന്യൂഡല്‍ഹി: ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം 24 മുതല്‍ 31 വരെ. 24ന് രാത്രി 7.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. 26ന് ഉത്സവബലിയും 30ന് പള്ളിവേട്ടയും നടക്കും. ഉത്സവാഘോഷങ്ങള്‍ക്ക് സമാപ്തികുറിച്ചുകൊണ്ട് 31ന് രാവിലെ ഏഴിന് കൊടിയിറങ്ങി ആറാട്ടും നടക്കും.

ഉത്സവ ആഘോഷങ്ങള്‍ക്കു മുന്നോടിയായി ഇന്നലെ ക്ഷ്േത്രത്തില്‍ വിഷ്ണുസഹസ്രനാമാര്‍ച്ചനയും, ഗുരുവായൂരപ്പന് കളഭാഭിഷേകവും നടന്നു. രാവിലെ 10.30ന് മങ്കൊമ്പ് രാജീവ് കൃഷ്ണ അവതരിപ്പിച്ച സോപാന നൃത്തവും വൈകുന്നേരം രാമായണത്തെ ആസ്പദമാക്കി രാമചന്ദ്രപുലമരും സംഘവും അവതരിപ്പിച്ച തോല്‍പ്പാവകൂത്തും നടന്നു. 23ന് സ്ത്രോത്ര സംഗീതം, ഇരട്ടതിടമ്പുനൃത്തം, കഥകളി.

25ന് രാവിലെ 10.30ന് മരുത്തോര്‍വട്ടം കണ്ണനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍, കുമാരി ആര്യരാജുവും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗം. 26ന് ഭരതനാട്യഗുരുക്കളുടെ നേതൃത്വത്തില്‍ നൂറില്‍പ്പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടികള്‍, കലാമണ്ഡലം മണി വാസുദേവ ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്. 27ന് പ്രദീപ് ആറാട്ടുപുഴ അവതരിപ്പിക്കുന്ന ശീതങ്കന്‍ തുള്ളല്‍. 28ന് രാത്രി 7.30ന് വിവിധ ഭാരതീയ സംഗീതോപകരണങ്ങളുടെ അകമ്പടിയോടുകൂടി ഡോ. പളനി നയിക്കുന്ന സംഗീത സംഗമം, രാജന്‍,മുഴിയാര്‍ അവതരിപ്പിക്കുന്ന ഒറ്റയാള്‍ നാടകം. 29ന് രാവിലെ 10.30ന് കല്ലൂര്‍ ജയന്‍, ചെര്‍പ്പുളശേരി രാജേഷ് എന്നിവരുടെ നേതൃത്വത്തുള്ള ഡബിള്‍ തായമ്പക, വൈകുന്നേരം 7.30ന് പള്ളിവേട്ട. 30ന് രാവിലെ 10.30ന് നൃതാഞ്ജലി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തപരിപാടികള്‍, വൈകുന്നേരം ചൊവ്വല്ലൂര്‍ മോഹനനും സംഘവും അവതരിപ്പിക്കുന്ന തായമ്പക തുടങ്ങിയ പരിപാടികള്‍ ഉത്സവത്തിന് മാറ്റുകൂട്ടുന്നു.

ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, പൂണ്യ ഗുരുദേവ് ശ്രീശ്രീ രവിശങ്കര്‍ജി 31 ന് വൈകുന്നേരം ക്ഷേത്രത്തിലെ കാര്‍ത്ത്യായനി ആഡിറ്റോറിയത്തില്‍ വച്ചുനിര്‍വഹിക്കുന്നതാണ്. ഉത്സവ ദിവസങ്ങളില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനവും, രാത്രി 9.30ന് ലഘുഭഷണവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്