മനുഷ്യക്കടത്തിന് ഇരയായി ഒരു മലയാളി സ്ത്രീ കൂടി ദമാമിലെ വനിതാ ജയിലില്‍
Saturday, August 23, 2014 3:51 AM IST
ദമാം: നിയമങ്ങളെ കാറ്റില്‍ പറത്തി വിദേശ രാജ്യങ്ങളിലേക്ക് സ്ത്രീകളെ കയറ്റി അയക്കുന്ന അധോലോക റാക്കറ്റിന്റെ ഇരയായ ഒരു മലയാളി സ്ത്രീ കുടി ദമ്മാമിലെ ജയിലില്‍ കഴിയുന്നു. ഗള്‍ഫിലെ ഏജന്റ് 25000 റിയാലിന് വില്‍പന നടത്തിയ ഈ സ്ത്രീക്ക് മാസങ്ങളോളം അനുഭവിക്കേണ്ടി വന്നത് അതിരുകളില്ലാത്ത ദുരിതങ്ങളാണ്.

തൃശൂര്‍ നടത്തറ തൈക്കാട്ടില്‍ വീട്ടില്‍ ജസിയാണ് ഇത്തവണ മനുഷ്യക്കടത്തുകാരുടെ ഇരയായത് . സ്വാമി ശാശ്വതീകാനന്ദയുടെ ഒരു മഠത്തില്‍ വളര്‍ന്ന ജെസി ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതോടെ ഏക മകളെ വളര്‍ത്താന്‍ റെയില്‍വേയില്‍ സ്വീപ്പറായി ജോലി നോക്കുകയായിരുന്നു. പതിവായി സ്ത്രീകളെ കയറ്റി അയക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്താറുള്ള മനുഷ്യക്കടത്തിന്റെ പ്രധാന കണ്ണിയില്‍പെട്ട കൈപ്പമംഗലം സ്വദേശിസുഹ്റ എന്ന സ്ത്രീ പ്രലോഭനങ്ങള്‍ നല്‍കി ജെസിയെ വശത്താക്കുകയായിരുന്നു.പലപ്പോഴും കുശലം ചോദിക്കാന്‍ എത്തുന്ന സുഹ്റയില്‍ നിന്ന് താന്‍ മാറി പോവുകയായിരുന്നുവെന്ന് ജെസി പറയുന്നു. എന്നാല്‍ ജെസിയുടെ പുറകെ കൂടിയ ഇവര്‍ 4 പേര്‍ മാത്രമടങ്ങുന്ന സൌദിയിലെ ഒരു കുടുംബത്തില്‍ ജോലിക്കാരിയായി പോയാല്‍ പ്രതിമാസം 30000 രൂപ ശമ്പളം കിട്ടുമെന്നും അതോടെ കഷ്ടപാടുകള്‍ക്ക് അറുതിയാകുമെന്നും വിശ്വസിപ്പിച്ചു.ഏറെ പ്രതീക്ഷകളോടെ സമ്മതം മുളിയ ജെസിയെ കഴിഞ്ഞ ഏപ്രിലില്‍ മറ്റ് നിരവധി സ്ത്രീകള്‍ക്കൊപ്പം ട്രെയിനില്‍ മദ്രാസില്‍ എത്തിച്ചു.

ആദ്യമായി ഗള്‍ഫില്‍ പോകുന്ന സുഹ്റക്ക് സഹായിയായി ജോലിചെയ്യുന്ന വീട്ടിലെ ഹൌസ് ഡ്രൈവറാണന്ന് വിശ്വസിപ്പിച്ച് മലപ്പുറം കാരനായ ഒരു മലയാളിയേയും മദ്രാസിലേക്ക് കൂട്ടിയിരുന്നു.എന്നാല്‍ മദ്രാസിലത്തിെയതോടെ തനിനിറം പുറത്തെടുത്ത സുഹ്റ പിന്നെ ഭീഷണി സ്വരത്തിലാണ് സംസാരിച്ചത്. ഗള്‍ഫിലേക്ക് പോയില്ലെങ്കില്‍ കൊന്നു കളയുമെന്നായി. ഗത്യന്തരമില്ലാതെ അവിടെ നിന്ന് സൌദിയില്‍ എത്തിയ ജെസിയുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന അനുഭവങ്ങളായിരുന്നു തുടക്കം മുതല്‍ കാത്തിരുന്നത്. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് റിയാദിലെ വിമാനത്താവളത്തില്‍ നിന്ന് സ്പോണ്‍സര്‍ എന്നു കരുതുന്നയാള്‍ കുട്ടികൊണ്ടുപോയത്. പിറ്റേ ദിവസം ഒരു ഓഫീസില്‍ എത്തിച്ച് 25000 റിയാല്‍ എണ്ണിവാങ്ങി അയാള്‍ സ്ഥലം വിട്ടു. അവിടെ നിന്ന് മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യപെട്ട ജെസിക്ക് ഒരു ദിവസം 6 വീടുകളിലാണ് മാറിമാറി ജോലിചെയ്യേണ്ടി വന്നത്.അബ്ഖൈഖില്‍ നിന്നും 40 കിലോമീറ്റര്‍ ഉള്ളില്‍ മരുഭൂമിയാല്‍ ചുറ്റപെട്ട ഒരു ഗ്രാമത്തിലേക്കാണ് ഇവരെ കൊണ്ടുപോയത്. കൊടും ചുടിലും വീടിന്റെ ടെറസില്‍ ആണ് കിടത്തം. ആഹാരം വല്ലപ്പോഴും മാത്രം. ജോലിയില്‍ ചെറിയ വീഴ്ച വന്നാല്‍ ക്രൂരമായ മര്‍ദ്ദനം.വിവരമറിഞ്ഞ് ജെസി വളര്‍ന്ന മഠത്തിലെ സ്വാമിനി സതീദേവി മുഖ്യമന്ത്രിക്കും, നോര്‍ക്ക വകുപ്പിനും പരാതി നല്‍കി. ഇതോടെ കൊടിയ മര്‍ദ്ദനങ്ങള്‍ക്കാണ് ഇവിടെ ഇവര്‍ വിധേയയായത്. പോലീസിന് കത്തയച്ചിട്ടുണ്െടന്നും അവര്‍ക്ക് ജെസി ജോലിചെയ്യുന്ന വീട് കണ്ടു പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നുമുള്ള മറുപടിയാണ് എംബസിയില്‍ നിന്ന് ആവര്‍ത്തിച്ച് ലഭിച്ചുകൊണ്ടിരുന്നതെന്ന് സതീദേവി പറഞ്ഞു.

ഗത്യന്തരമില്ലാതെ അവിടെ നിന്ന് രക്ഷപെട്ട് മരുഭൂമിയിലൂടെ ഓടിയ ജെസിയെ ഒരു സ്വദേശിയാണ് പോലീസില്‍ എത്തിച്ചത്. നാട്ടില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സഫിയ അജിത് പോലീസുമായി ബന്ധപ്പെടുകയും സ്പോണ്‍സറുടെ അടുത്തേക്ക് മടക്കി അയക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു .സ്പോണ്‍സറുമായി ബന്ധപെട്ടെങ്കിലും തനിക്ക് ചെലവായ 25000 റിയാല്‍ തന്നാല്‍ മാത്രമേ എക്സിറ്റ് നല്‍കൂ എന്ന നിലപാടിലാണ്. എംബസ്സിയുടെ സഹായത്താല്‍ ഇ സി ഉപയോഗിച്ച് ഇവരെ നാട്ടിലത്തിെക്കാനുള്ള ശ്രമത്തിലാണ് സഫിയ.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം