മിത്രാസ് 2014 ന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്
Saturday, August 23, 2014 3:47 AM IST
ന്യൂജഴ്സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ ഏറ്റവും വലിയ കലാകാരന്മാരുടെ മെഗാഷോയായ 'മിത്രാസ് 2014' ന്റെ ഒരുക്കങ്ങള്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന മുപ്പതില്‍പരം കലാകാരന്മാര്‍ അണിനിരക്കുന്ന ഈ മെഗാഷോ അണിയിച്ചൊരുക്കുന്നത് പ്രസിദ്ധ സംവിധായകന്‍ രാജന്‍ ചീരന്‍ ആണ്.

ജാതി -മത-ഭാഷാ വ്യത്യാസങ്ങളില്ലാതെ നാമെല്ലാവരും ഒന്നാണെന്നുളള മഹത്തായ സന്ദേശം വിളിച്ചോതുന്ന ഈ അമേരിക്കന്‍ താരസംഗമം പ്രസിദ്ധ പിന്നണി ഗായകന്‍ ഫ്രാങ്കോ ഉദ്ഘാടനം ചെയ്യുന്നു. ഈ വരുന്ന സെപ്റ്റംബര്‍ 13 ന് ന്യൂജഴ്സി വെറോണ ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന താരസംഗമത്തില്‍ കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിക്കും. അമേരിക്കയിലെ മികച്ച ശാസ്ത്രീയ നൃത്ത കലാകാരിക്ക് മിത്രാസ് നാട്യശ്രീ ഓഫ് അമേരിക്ക 2014 പുരസ്ക്കാരം സമ്മാനിക്കും.

നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വരുന്ന കലാകാരന്മാരെയും ആസ്വാദകരെയും സ്വീകരിക്കുന്നതിനുളള എല്ലാ ഒരുക്കങ്ങളം പൂര്‍ത്തിയായി വരുന്നതായി മിത്രാസ് ബോര്‍ഡ് മെമ്പേഴ്സ് രാജന്‍ ചീരന്‍, ഷിറാസ് യൂസഫ്, ജേക്കബ് ജോസഫ്, എം. സി. മത്തായി, അനീഷ് ചെറിയാന്‍, ജെയിംസ് നൈനാന്‍, ഷാജി വില്‍സണ്‍, അലക്സ് ജോണ്‍, ജിജു പോള്‍, ശോഭ ജേക്കബ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം