'നാടന്‍പാട്ടിലുള്ളത് നന്മയുടെ മനസും സാമൂഹ്യപ്രതിബദ്ധതയും'
Friday, August 22, 2014 8:31 AM IST
അബുദാബി: നന്മയുടെ മനസും സാമൂഹ്യപ്രതിബദ്ധതയുമാണ് തലമുറകള്‍ കൈമാറിക്കൊണ്ടിരിക്കുന്ന നാടന്‍ പാട്ടുകളില്‍ അടങ്ങിയിരിക്കുന്നതെന്ന് പ്രശസ്ത ഫോക്ലോര്‍ ഗവേഷകന ഡോ. ആര്‍.സി. കരിപ്പത്ത് അഭിപ്രായപ്പെട്ടു.

നാടന്‍ പാട്ടുകളും നാട്ടു നന്മയും എന്ന ശീര്‍ഷകത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മലയാളി സമൂഹത്തിന്റെ നന്മകളില്‍ നാടന്‍ പാട്ടിന്റെ സ്ഥാനം എന്ന വിഷയത്തെ അധികരി ച്ച് മുഖ്യപ്രഭാഷണം മറ്റെല്ലാ സാഹിത്യവും പോലെ നാടന്‍ പാട്ടുകള്‍ക്കും ഒരു സാമൂഹിക വശമുണ്ട്. പലപ്പോഴും ക്ളാസിക്കുകള്‍ക്ക് അപ്പുറം സാമൂഹിക ചരിത്രം പറയാന്‍ അവയ്ക്ക് കഴിയും. ഒരു കാലത്ത് കേരള സമൂഹത്തിന്റെ സാഹിത്യമായിരുന്നു നാടന്‍ പാട്ടുകള്‍.

സ്കൂളില്‍ പോകുന്ന കാലത്ത് പാടത്തുനിന്നും ആ പാട്ടുകള്‍ കേട്ടിരുന്നു. ഞാറു നടുന്ന പെണ്ണുങ്ങള്‍ അത് നീട്ടിപ്പാടി. വയലുകളും കൃഷിയും മരി ച്ചുപോകുന്നതിനു മുമ്പേ നാടന്‍ പാട്ടുകളും മരിച്ചുപോയി എന്നതാണ് സത്യം. ഇന്ന് നാടന്‍ പാട്ടുകള്‍ കേവലം കാസറ്റുകളില്‍ അവശേഷിച്ചിരിക്കുന്നു.

താഴ്ന്നവനും ഉയര്‍ന്നവനും വ്യത്യസ്ഥ രീതിയിലായിരുന്നു നാടന്‍ പാട്ടുകള്‍ പാടിയിരുന്നത്. ഉന്നതന്റെ പാട്ടുകളില്‍ വൈര്യവും വിദ്വേഷവും നിറഞ്ഞു നിന്നിരുന്നെങ്കില്‍ അധ:സ്ഥിതരുടെ പാട്ടില്‍ നന്മയും സത്യവും നിറഞ്ഞുനിന്നിരുന്നു. അദ്ദേഹം നിരവധി ഉദാഹരണങ്ങള്‍ സഹിതം സമര്‍ഥിച്ചു.

കേരളം ഇന്ന് ഒരുപാട് മുന്നേറിയെങ്കിലും സാംസ്കാരികമായി നാം പിന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. മതവും ജാതിയും സമൂഹത്തില്‍ മതില്‍ക്കെട്ടുകളായി ഉയര്‍ന്നുവരുന്നു. നവോഥാനകാലത്തെ രാഷ്ട്രിയം എങ്ങോ പോയ്മറഞ്ഞു. ദൈവം പോലും ആവശ്യപ്പെടാത്ത നിര്‍വചനം പലരും മത ത്തിനു നല്‍കി ത്തുടങ്ങി. സമൂഹത്തിലെ പൊതു വിഷയം പോലും ചര്‍ ച്ചചെയ്യാന്‍ മതവും ജാതിയും അറിയേണ്ട അവസ്ഥയിലാണിപ്പോള്‍. മതവും ജാതിയും തിരിച്ചു ഓക്സിജനും മഴയും സൂര്യനും ചന്ദ്രനും വേണമെന്നിടത്തേയ്ക്കാണ് കേരളം നീങ്ങുന്നത്. യാത്രയ്ക്കിടയിലുണ്ടായ തന്റെ ഒരു ദുരനുഭവം വിവരിച്ചുകൊണ്ട് ആര്‍.സി. കരിപ്പത്ത് ചൂണ്ടിക്കാട്ടി.

സെന്റര്‍ പ്രസിഡന്റ് എം.യു. വാസുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

സാഹിത്യവിഭാഗം സെക്രട്ടറി ചന്ദ്രശേഖര്‍ അതിഥിയെ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും സാഹിത്യവിഭാഗം അസി. സെക്രട്ടറി ഒമര്‍ ഷരീഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സെന്റര്‍ വേനലവധിക്യാമ്പിലെ കുട്ടികള്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള