വിചാരവേദിയില്‍ സാഹിത്യവും ഒപ്പം കുടിയേറ്റക്കാരുടെ ചില കാലികപ്രശ്നങ്ങളും ചര്‍ച്ച ചെയ്തു
Friday, August 22, 2014 8:27 AM IST
കെസിഎഎന്‍യില്‍ വിചാരവേദിയുടെ സാഹിത്യസദസില്‍ സാംസി കൊടുമണ്ണിന്റെ നഷ്ടപ്പെട്ടവരുടെ ലോകം എന്ന കഥ ചര്‍ച്ച ചെയ്യപ്പെട്ടു. നോട്ടീസില്‍ സൂചിപ്പിച്ചിക്കുന്നതിനെ ആധാരമാക്കി ഒരു കഥ എന്നതിലുപരിയായി കഥയില്‍ അവതരിപ്പിച്ചിരിക്കന്ന കാലിക പ്രാധാന്യമുള്ള വിഷയത്തിലേക്കാണ് ചര്‍ച്ച നീണ്ടു പോയത്. ഈ കുടിയേറ്റ ഭുമിയില്‍ എത്തിയ മലയാളികളുടെ തലമുറ വളര്‍ന്നുവന്നതോടെ അവര്‍ അനുഭവിക്കുന്ന വ്യാകുലതകളൂം തല്‍ഫലമായുള്ള ദുഃഖവും വിഭിന്ന കഥാപാത്രങ്ങളിലൂടെ സ്വാഭാവികതയോടെ അവതരിപ്പിക്കുകയാണ് ഈ കഥയില്‍. ചര്‍ച്ചയില്‍പങ്കെടുത്തവര്‍ അമേരിക്കന്‍ മലയാളി കുടുംബങ്ങളില്‍ മക്കളെ ചൊല്ലി തളം കെട്ടി നില്‍ക്കുന്ന ദുഃഖത്തിലും പ്രശ്നങ്ങളിലുമാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. പ്രശ്നപരിഹാരമാര്‍ഗവും ചര്‍ച്ചയോടൊപ്പം നിര്‍ദ്ദേശിക്കപ്പെട്ടു എന്നത് ചര്‍ച്ചയുടെ പ്രത്യേകതയായി.

കുട്ടികളുടെ അവസ്ഥയെ പറ്റി മാതാപിതാക്കള്‍ ഗൌനിക്കുന്നില്ല. രണ്ടു സംസ്കാരങ്ങളുടെ മധ്യത്തില്‍ വളരുന്ന കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാതെ അവര്‍ തങ്ങളുടെ സംസ്കാരത്തില്‍ നിന്ന് വ്യതിചലിച്ചു പോകുന്നോ എന്ന് മാതാപിതാക്കള്‍ വ്യാകുലപ്പെടുന്നു. കുട്ടികളുടെ മനഃശാസ്ത്രം മനസിലാക്കി വേണം അവരെ വളര്‍ത്താന്‍. വേണ്ടത്ര വിശ്രമം പോലുമില്ലാതെ മുഴുവന്‍ സമയവും ഡോളറായി മാറ്റാനുള്ള തത്രപ്പാടില്‍ കുട്ടികളെ പരിപാലിക്കാന്‍ സമയം കിട്ടാതിരിക്കുന്ന അവസ്ഥ മിക്ക കുടിയേറ്റ കുടുംബങ്ങളിലുമൂണ്ട്. കുട്ടികള്‍ ആര്‍ഭാടങ്ങളുടെ നടുവില്‍ ജീവിക്കുമ്പോള്‍

അവര്‍ ഉത്തരവാദിത്വമില്ലാതെ വളര്‍ന്നു വരുന്നു. കുട്ടികള്‍ ഇല്ലായ്മ അറിഞ്ഞു വളര്‍ന്നെങ്കിലേ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യവുമായി കൂട്ടിയുരുമുമ്പോള്‍ അവര്‍ പതറാതിരിക്കുകയുള്ളൂ. കുട്ടികള്‍ അപ്രത്യക്ഷമാകുന്നതും അവര്‍ ആത്മഹത്യ ചെയ്യുന്നതുമായ പ്രതിഭാസം മലയാളി കുടുംബങ്ങളില്‍ മാത്രം സംഭവിക്കുന്ന സംഗതിയല്ല എന്ന് ലാഘവത്തോടെ പറഞ്ഞതിന്റെ മറുപടിയെന്നോണം നഷ്ടപ്പെട്ടവര്‍ക്കേ അതിന്റെ വേദന മനസിലാകൂ എന്ന അഭിപ്രായമുണ്ടായി. നമ്മുടെ നാട്ടില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ നിലനില്ക്കുന്നത് വ്യവസായ വ്യവസ്ഥിതിയാണ്. കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശാസ്ത്രീയമായി അന്വേഷിച്ച് വ്യവാസായ വ്യവസ്ഥിതിയിലെ പ്രവണതകള്‍ മനസിലാക്കിയാല്‍ പരിഹാരം എന്ന പ്രക്രിയ എളുപ്പമാകും. കുട്ടികള്‍ ബുദ്ധിമുട്ടരുത് എന്നു കരുതി മതാപിതാക്കള്‍ കുട്ടികള്‍ക്ക് അവര്‍ ചോദിക്കുന്നതെല്ലാം കൊടുക്കുന്നു. അമിതമായ പ്രതീക്ഷയില്‍ വളര്‍ത്തിയ കുട്ടികള്‍ പ്രതീക്ഷക്ക് വിരുദ്ധമായി പെരുമാറുമ്പോള്‍ നഷ്ടപ്പെട്ടവരുടെ ലോകം വിപുലമാകുന്നു.

ഡോമിലും മറ്റും താമസിക്കുന്ന മക്കളുടെ ഒരു ടെലഫോണ്‍ വിളി കേട്ടാല്‍ മതി മതാപിതാക്കന്മാര്‍ക്ക് സമാധാനമാകും. കുട്ടികള്‍ക്ക് അവരുടേതായ പരിമിതികളുണ്ട്. പെര്‍ഫെക്ട് സ്കോര്‍ കിട്ടാതെ വരുമ്പോള്‍ കുട്ടികളെ ശകാരിക്കുന്നപ്രവണത അവരെ പഠിത്തകാര്യങ്ങളില്‍ നിന്ന് നിരുത്സാഹപ്പെടുത്തുമെന്ന വസ്തുത മാതാപിതാക്കള്‍ അറിയുന്നില്ല.

പുതിയ തലമുറയില്‍ നമ്മള്‍ കാണുന്നത് ആത്മാവു നഷ്ടപ്പെട്ട കുട്ടികളെയാണ്. ശരീരം നഷ്ടപ്പെടുന്നതിനേക്കാള്‍ ഗുരുതരമാണത്. കുട്ടികളുടെ സ്വാതന്ത്യ്രം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കുടിയേറ്റക്കാര്‍ വളര്‍ന്നതു പോലെ ഇവിടെ പട്ടാള ചിട്ടയോടെ കുട്ടികളെ വളര്‍ത്താന്‍ കഴിയുകയില്ല. അവരുടെ വ്യക്തിത്വം മാനിക്കപ്പെടുന്നില്ലെന്ന് കാണുമ്പോള്‍ അവര്‍ വീടുവിട്ടു പോയെന്നു വരാം അല്ലെങ്കില്‍ ആത്മഹത്യയെ പറ്റി ചിന്തിച്ചു എന്നു വരാം. നഷ്ടപ്പെട്ടവരുടെ ലോകം എന്ന കഥയില്‍ ചര്‍ച്ചായോഗ്യമായ കഴമ്പുള്ള വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഏകാഗ്രതയോടെ സാമൂഹ്യപ്രശ്നത്തെ ഒരു സംഭവത്തിലൂടെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും കഥാകാരന്‍ വ്യതിചലിച്ചിട്ടുണ്െടന്നും കഥാപാത്രങ്ങളെ തനിമയോടെ അവതരിപ്പിച്ചിട്ടില്ലെന്നും ഉള്ള അഭിപ്രായം ഒരു വശത്ത്. വിഭിന്ന കഥാപാത്രങ്ങളുണ്െടങ്കിലും അവരുടെ ചര്‍ച്ച ചെന്നെത്തുന്നത് ഒരുകേന്ദ്ര ബിന്ദുവിക്കോണ്, അതുകൊണ്ട്് കഥക്ക് ഏകാഗ്രതയുണ്െടന്നും കഥാതന്തു നാലുപാടും ചിതറിപ്പോയിട്ടില്ലെന്നും ഉള്ള അഭിപ്രായം മറുവശത്ത്.

കഥയില്‍ കഴിയുന്നതും എകാഗ്രത പാലിക്കാന്‍ ശ്രമിച്ചിട്ടുണ്െടന്നും ഒപ്പം സമൂഹത്തിന് പ്രയോജനപ്രദമായ ഒരു ചര്‍ച്ചയിലേക്ക് നയിക്കാന്‍ പര്യാപ്തമായ വിഷയം കഥയില്‍ ഉള്‍ക്കൊള്ളിക്കുകയാണ് ചെയ്തെന്നും സാംസി കൊടുമണ്‍ മറുപടിയായി പറഞ്ഞു.

വാസുദേവ് പുളിക്കല്‍, ഡോ. എന്‍. പി. ഷീല, എത്സി യോഹന്നാന്‍ ശങ്കരത്തില്‍, രാജു തോമസ്, ഡോ. എ.കെ.ബി. പിള്ള, ബാബു പാറക്കല്‍, പി.ടി. പൌലോസ്, വര്‍ഗീസ് ചുങ്കത്തില്‍, പനക്കല്‍ ജോസഫ് മുതലായവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം