'നാടന്‍ കലകള്‍ തനിമ കൈവിടാതെ പരിരക്ഷിക്കണം'
Thursday, August 21, 2014 8:30 AM IST
അബുദാബി: സാഹിത്യത്തിലും ശാസ്ത്രത്തിലും ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും ഉന്നതമായ പൈതൃകത്തിനുടമയാണ് ഭാരതമെന്നും അത് തിരിച്ചറിയാന്‍ നമുക്ക് കഴിയാതെ പോയതാണ് ഇന്നത്തെ എല്ലാ പ്രതിസന്ധികള്‍ക്കും കാരണമെന്നും പ്രമുഖ സാഹിത്യകാരനും വാഗ്മിയും ഫോക് ലോര്‍ ഗവേഷകനുമായ ഡോ. ആര്‍.സി. കരിപ്പത്ത് അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ സൌഹൃദ വേദി അബുദാബിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ: ആര്‍.സി. കരിപ്പത്ത്.

ഉത്തര മലബാറിന്റെ തനത് അനുഷ്ഠാന കലയായ തെയ്യം ഉള്‍പ്പെടയുള്ള നാടന്‍ കലാരൂപങ്ങള്‍ തനിമ കൈവിടാതെ പരിരക്ഷിക്കാന്‍ സാംസ്കാരിക ലോകം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരള സോഷ്യല്‍ സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വി.ടി.വി. ദാമോദരന്‍ അധ്യക്ഷം വഹിച്ചു. കെ. ശേഖരന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. വര്‍ക്കല ജയകുമാര്‍, സുരേഷ് പയ്യന്നൂര്‍, വി.കെ. ഷാഫി, ജനാര്‍ദ്ദന ദാസ് കുഞ്ഞിമംഗലം എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. അനില്‍കുമാര്‍ സ്വാഗതവും എം. അബാസ് നന്ദിയും പറഞ്ഞു. സൌഹൃദ വേദിയുടെ ഉപഹാരം പ്രസിഡന്റ് വി.ടി.വി. ദാമോദരന്‍ സമ്മാനിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള