കേളി പായസ പാചക മത്സരം സെപ്റ്റംബര്‍ അഞ്ചിന്
Thursday, August 21, 2014 8:25 AM IST
റിയാദ്: ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് കേളി റിയാദില്‍ പായസ പാചക മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ അഞ്ചിന് (വെള്ളി) രാവിലെ 10 നാണ് മത്സരം. പായസ പാചകപ്രേമികളായ ഏവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ശര്‍ക്കര ഉപയോഗിച്ചുള്ള 'അടപ്രഥമനാണ്' ഒരു ലിറ്ററില്‍ കുറയാത്ത അളവില്‍ മത്സരത്തിനായി പാചകം ചെയ്തു കൊണ്ടുവരേണ്ടണ്ടത്. മത്സരത്തിനായി കൊണ്ടുവരുന്ന അടപ്രഥമന്റെ കൂട്ടുകളുടെ വിവരണവും പാചകക്കുറിപ്പും വിധിനിര്‍ണയത്തിനായി പായസത്തോടൊപ്പം സമര്‍പ്പിക്കേണ്ടണ്ടതാണ്.

മുന്‍ വര്‍ഷങ്ങളില്‍ ഓണത്തോടനുബന്ധിച്ച് കേളി സംഘടിപ്പിച്ച പായസ പാചക മത്സരം സംഘാടനമികവുകൊണ്ടും വൈവിധ്യമാര്‍ന്ന പായസക്കൂട്ടുകളുടെ രുചിഭേദങ്ങള്‍കൊണ്ടും പായസ പാചകപ്രേമികളുടെയും വിധികര്‍ത്താക്കളുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. മത്സരത്തിന്റെ നടത്തിപ്പിനായി ഷൌക്കത്ത് നിലമ്പൂര്‍ കണ്‍വീനറായും സെബിന്‍ ഇഖ്ബാല്‍ കോഓര്‍ഡിനേറ്ററായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചതായി കേളി സെക്രട്ടറി റഷീദ് മേലേതില്‍ പറഞ്ഞു.

പ്രഗത്ഭരായ പാചകവിദഗ്ദരടങ്ങുന്ന വിധികര്‍ത്താക്കള്‍ നിര്‍ണയിക്കുന്ന മത്സരവിജയിക്ക് ഒരു സ്വര്‍ണനാണയം സമ്മാനമായി നല്‍കുന്നതാണ്. കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും സിറ്റിഫ്ളവര്‍ നല്‍കുന്ന ഗിഫ്റ്റ് വൌച്ചറുകളും ലഭിക്കുന്നതാണ്. പായസ പാചക മല്‍സരത്തിനു പുറമെ, കേളി അംഗങ്ങള്‍ക്കായി ഏരിയ അടിസ്ഥാനത്തില്‍ പൂക്കള മല്‍സരവും കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. പായസ പാചക മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിന്നന്നവര്‍ വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഷൌക്കത്ത് നിലമ്പൂര്‍ (050 837 7151), സെബിന്‍ ഇഖ്ബാല്‍ (056 757 9288), ദയാനന്ദന്‍ (050 716 6822) എന്നിവരെ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍