ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന്‍ അവിസ്മരണീയം: അടുത്ത കണ്‍വന്‍ഷന്‍ ഹൂസ്റണില്‍
Wednesday, August 20, 2014 4:14 AM IST
ഫിലാഡല്‍ഫിയ: സംഘാടനത്തിലെ മികവും പ്രതിനിധികളുടെ ആത്മാര്‍പ്പണവും ഒത്തു ചേര്‍ന്ന ഫിലാഡല്‍ഫിയ ദേശീയ ശ്രീനാരായണ സംഗമം അവിസ്മരണീയമായ അനുഭവമായി പരിസമാപിച്ചു. അടുത്ത കണ്‍വന്‍ഷന്‍ 2016 ജൂലൈ യില്‍ ഹൂസ്റണ്‍ നഗരത്തില്‍ നടക്കും. ഹൂസ്റണ്‍ ശ്രീനാരായണ ഗുരു മിഷന്‍ പ്രസിഡന്റ് അനിയന്‍ തയ്യിലിനെ ചെയര്‍മാനും , പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനും ഭാരതീയ പ്രവാസി സമ്മാന്‍ ജേതാവുമായ ഡോ. എം. അനിരുദ്ധനെ മുഖ്യ രക്ഷാധികാരിയുമായി തെരഞ്ഞെടുത്തു.

ഓഗസ്റ് 8, 9, 10 തീയതികളില്‍ വിന്‍ഡാം ഗാര്‍ഡന്‍ ഹോട്ടലില്‍ വച്ചു നടന്ന ത്രിദിന കണ്‍വന്‍ഷന്‍ വിളംബര ഘോഷയാത്രയോടെയാണ് സമാരംഭിച്ചത് . അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കുടുംബാംഗങ്ങള്‍ ഒരേ മനസ്സോടെ ഒരേ വികാരത്തോടെ അണിനിരന്നു. ഗുരുദേവ ചിത്രവും പീതപതാകകളും മുത്തുക്കുടകളും വാദ്യഘോഷങ്ങളും താലപ്പൊലിയുമായി നടന്നു നീങ്ങിയ ഗുരുദേവഭക്തര്‍ സ്നേഹ നഗരിക്ക് പുത്തന്‍ അനുഭവമായി . സമ്മേളന നഗറില്‍ സ്ഥാപിച്ച ഗുരുദേവ ചിത്രത്തിന് മുന്‍പില്‍ ഓം നമോ നാരായണായ എന്ന മന്ത്ര ധ്വനിയാല്‍ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിശിഷ്ടാഥിതികളും ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ഫിലാഡല്‍ഫിയ ശ്രീനാരായണ അസ്സോസ്സിയഷന്‍ കുടുംബാംഗങ്ങള്‍ ദൈവദശകം ആലപിച്ചു. ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.കല്ലുവിള വാസുദേവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ ഔപചാരികമായ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത് ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം പ്രതിനിധിയായി എത്തിയ ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ ആയിരുന്നു. കേരള വെറ്റിറിനറി സര്‍വ്വ കലാശാല വൈസ് ചാന്‍സലര്‍ ഡോ . ബി. അശോക് മുഖ്യ പ്രഭാഷണം നടത്തി. സ്വാമി ബോധി തീര്‍ത്ഥയുടെ അനുഗ്രഹ പ്രഭാഷണത്തെ തുടര്‍ന്ന് അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളെയും പോഷക സംഘടനകളെയും പ്രതിനിധീകരിച്ചു കൊണ്ട്ഡോ .എം അനിരുദ്ധന്‍ , അനിയന്‍ തയ്യില്‍, സജീവ് ചേന്നാട്ട് , ലക്ഷ്മിക്കുട്ടി പണിക്കര്‍ , സുരേഷ് കുമാര്‍ , ശ്രീനിവാസന്‍ ശ്രീധരന്‍ , ഡോ .മുരളീ രാജന്‍ , കാര്‍ത്തിക കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സംഘാടക സമിതി സെക്രെട്ടറി പ്രസാദ് കൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.. അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങുകള്‍ക്ക് ദൃശ്യ ശ്രവ്യ ചാരുത പകര്‍ന്നപ്പോള്‍ തികച്ചും അനിര്‍വ്വചനീയമായ അനുഭവമായി തീര്‍ന്നു.

രണ്ടാം ദിവസം ഗുരുദേവ ദര്‍ശനങ്ങളുടെ അഗാധ തലങ്ങളിലേക്ക് ഇറങ്ങി ചെന്ന് കൊണ്ട് വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഗത്ഭര്‍ ക്ളാസ്സുകള്‍ നയിച്ചു. ഗുരുദേവന്റെ ഏകലോക ദര്‍ശനം , ഗുരു ഋഷീശ്വരനായ കവി , നിത്യജീവിതത്തില്‍ ഗുരുദേവ ദര്‍ശനത്തിന്റെ പ്രസക്തി , ദൈവ ദശകത്തിന്റെ തത്വ ചിന്താപരമായ തലങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളെ ആസ്പദമാക്കി ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ , ശ്രീമദ് ബോധി തീര്‍ത്ഥ സ്വാമികള്‍ ,ഡോ .ബി.അശോക് ഐ എ എസ് എന്നിവര്‍ സംസാരിക്കുകയുണ്ടായി. ഭാരതീയ സമൂഹം ഗുരുവിന് മുന്‍പും ശേഷവും എന്ന വിഷയത്തെ കുറിച്ചു നടന്ന സെമിനാറില്‍ ഉദയഭാനു പണിക്കര്‍ , അനിയന്‍ തയ്യില്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് മോഡറേറ്റര്‍ ഡോ . ബി.അശോക് മറുപടി നല്‍കി. സംഗമ രാവിനെ അതീവ ഹൃദ്യമായ ഒരനുഭവമാക്കിക്കൊണ്ട് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണനും സംഘവും അവതരിപ്പിച്ച ഗാനമേള ഏവരുടെയും ഹൃദയം കവര്‍ന്നു .

കേരള കൌമുദി ചീഫ് സബ് എഡിറ്ററും എഴുത്തുകാരനും വാഗ്മിയുമായ സജീവ് കൃഷ്ണന്‍ രചിച്ച ഏറ്റവും പുതിയ പുസ്തകമായ 'ദൈവത്തിന്റെ പടത്തലവ'ന്റെ നാലാം പതിപ്പ് പ്രവാസി മലയാളികള്‍ക്കായി കണ്‍വന്‍ഷന്‍ വേദിയില്‍ പ്രകാശനം ചെയ്തു. ഡോ .എം .അനിരുദ്ധന്‍ ,ഡോ . ബി. അശോകില്‍ നിന്നും ആദ്യ പ്രതി ഏറ്റുവാങ്ങി.

സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍, ഭാരതീയ പ്രവാസി സമ്മാന്‍ ജേതാവായ ഡോ . എം. അനിരുദ്ധനെ ആദരിക്കുകയുണ്ടായി.

ഡോ .ആര്‍. സെല്‍വന്‍ നയിച്ച യോഗാ ധ്യാന പരിശീലന ക്ളാസ്സുകളില്‍ പ്രതിനിധികള്‍ വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്. കൊച്ചു കുട്ടികള്‍ക്കായി സംഘടിപ്പിച്ച മാജിക് ഷോ കുട്ടികളും അമ്മമാരും ഒരു പോലെ ആസ്വദിക്കുകയുണ്ടായി.

യുവജനങ്ങള്‍ക്കായിനടന്ന അതിവിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തത് അനൂപ് രവീന്ദ്രനാഥ് ആയിരുന്നു. ഗുരുദേവന്റെ മഹിത ജീവിതവുമായി ബന്ധപ്പെട്ട വ്യക്തികളെയും മുഹൂര്‍ത്തങ്ങളെയും യുവ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് നടന്ന ഫോട്ടോ പ്രദര്‍ശനം ഏവരുടെയും ശ്രദ്ധ നേടി . അക്കാദമിക് മികവ് പുലര്‍ത്തിയ കുട്ടികള്‍ക്ക് മെറിറ്റ് അവാര്‍ഡുകള്‍ കണ്‍വന്‍ഷന്‍ വേദിയില്‍ വിതരണം ചെയ്യുകയുണ്ടായി. ദീപക് കൈതക്കാപ്പുഴ നേതൃത്വം വഹിച്ച സമിതിയാണ് അവാര്‍ഡിന് അര്‍ഹരായ കുട്ടികളെ തെരഞ്ഞെടുത്തത്. സന്ദീപ് പണിക്കര്‍ ആയിരുന്നു ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സ്മരണികയുടെ ചീഫ് എഡിറ്റര്‍. പരിപാടികളുടെ ചീഫ് കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചത് മ്യൂണിക് ഭാസ്കര്‍ ആണ്. ജയ് മോള്‍ ഗോവിന്ദ്, സിന്ധു മ്യൂണിക്ക് എന്നിവരായിരുന്നു അവതാരകര്‍.

ഓഗസ്റ് പത്താം തീയതി കാലത്ത് 9 മണിക്ക് സമ്മേളന നഗരിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തോടെ പരിപാടികള്‍ ഔപചാരികമായി അവസാനിച്ചപ്പോള്‍ ഹൂസ്റണില്‍ വീണ്ടും കാണാം എന്ന പ്രതീക്ഷ പങ്കു വച്ചു കൊണ്ട്നിറഞ്ഞ മനസ്സോടെയും നനഞ്ഞ മിഴികളോടെയും കുടുംബാംഗങ്ങള്‍ പരസ്പരം വിട ചൊല്ലി. പബ്ളിക് റിലേഷന്‍സിനു വേണ്ടി രവികുമാര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍