ആര്‍. രമേശ് സ്മാരക പ്രവാസി പുരസ്കാരം പി.എം. ജാബിറിന്
Tuesday, August 19, 2014 4:43 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസികളുടെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യവും കലയുടെ പ്രധാന പ്രവര്‍ത്തകനുമായിരുന്ന അകാലത്തില്‍ മരണപ്പെട്ട ആര്‍. രമേഷിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ 'രമേശ് സ്മാരക പ്രവാസി പുരസ്കാരം' ഒമാനിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ പി.എം. ജാബിറിനു സമ്മാനിച്ചു.

ഒമാനില്‍ കഴിഞ്ഞ 25 വര്‍ഷക്കലത്തിലേറെയായി ജീവകാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ് പി.എം.ജാബിര്‍. മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്റെയും ഒമാന്‍ കൈരളിയുടെയും ഭാരവാഹികൂടിയായ പി.എം.ജാബിര്‍ ഒമാനിലെ സാധാരണ പ്രവാസികളുടെ നിരവധിയായ പ്രശ്നങ്ങളില്‍ ഇടപെട്ടു പരിഹാരം കാണുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

കല കുവൈറ്റിന്റെ മാതൃഭാഷാ പഠന പരിപാടിയുടെ സമാപന സമ്മേളന വേദിയില്‍ പാര്‍ലമെന്റ് അംഗം പി.കെ.ബിജുവാണ് ജാബിറിന് അവാര്‍ഡ് സമ്മാനിച്ചത്. 25,001 രൂപയും ശില്‍പ്പവും അടങ്ങിയതാണ് അവാര്‍ഡ്. കല കുവൈറ്റ് പ്രസിഡന്റ് ജെ.സജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ആര്‍. നാഗനാഥന്‍ പ്രശസ്തി പത്രം വായിച്ചു. ചടങ്ങിന് ജനറല്‍ സെക്രട്ടറി ടി.വി. ജയന്‍ സ്വാഗതവും സജിത സ്കറിയ നന്ദിയും പ്രകാശിപ്പിച്ചു. കുവൈറ്റിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍