ഇന്ത്യന്‍ മതേതരത്വത്തിന് ഇത് പരീക്ഷണകാലം: ഒഐസിസി
Monday, August 18, 2014 3:51 AM IST
റിയാദ്: ബി.ജെ.പി ഭരണത്തില്‍ ഇന്ത്യന്‍ മതേതരത്വം കടുത്ത പരീക്ഷണങ്ങളും വെല്ലുവിളികളും നേരിടുകയാണെന്നും ഇതിനെതിരെ ജനാധിപത്യ ശക്തികളുടെ യോജിച്ചുള്ള പ്രതിരോധം അനിവാര്യമാണെന്നും ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ബത്ഹയിലെ ശിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്യ്രദിന സ്മൃതി സദസ്സില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ മാത്രം അറുനൂറിലേറെ വര്‍ക്ഷീയകലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കയാണ്. ഇത് ആശങ്കയുളവാക്കുന്നതാണ്. വര്‍ക്ഷീയ സംഘര്‍ഷങ്ങള്‍ക്ക് പത്ത് വര്‍ഷത്തേക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ക്രൂരമായ തമാശയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കൊല നടത്തിയപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ കുറ്റകരമായ നിസ്സംഗത പാലിച്ചത് ഭാരതത്തിന്റെ പാരമ്പര്യത്തിനും യശസ്സിനും തീരാക്കളങ്കമായെന്നും അഭിപ്രായമുയര്‍ന്നു.

മുഹമ്മദലി മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ച ചടങ്ങ് റൂബി മാര്‍ക്കോസ് ഉദ്ഘാടനം ചെയ്തു. ജലീല്‍ ആലപ്പുഴ ദേശീയ പതാക ഉയര്‍ത്തി. ശംസുദ്ദീന്‍ ഏലംകുളം സ്വാതന്ത്യ്രദിന സന്ദേശം ചൊല്ലിക്കൊടുത്തു. അബ്ദുള്ള വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി. അഡ്വ. എല്‍.കെ അജിത്, ബാലചന്ദ്രന്‍, റോജി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. രഘുനാഥ് പറശ്ശിനിക്കടവ്, ജിഫിന്‍ അരീക്കോട്, രാധാകൃഷ്ണന്‍ പാലക്കാട്, മുനീര്‍ കോക്കല്ലൂര്‍, കുമാര്‍ തിരുവനന്തപുരം, സമീര്‍ ചാരുംമൂട്, അജയന്‍ ആലപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാസര്‍ കല്ലറ സ്വാഗതവും സിദ്ദീഖ് കല്ലൂപറമ്പന്‍ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍