ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് പ്രവാസി സംരംഭകന്റെ പിന്തുണ
Saturday, August 16, 2014 9:38 AM IST
ദോഹ: കേരള മദ്യനിരോധന സമിതിയുടെ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനത്തിന് പിന്തുണയുമായി പ്രവാസി സംരംഭകനും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ അഹ്മദ് തൂണേരി രംഗത്ത്.

സമിതിയുടെ ബോധവത്കരണ പരിപാടികള്‍ക്കായി ദോഹയിലെ മാധ്യമ പ്രവര്‍ത്തകന്‍ അമാനുള്ള വടക്കാങ്ങര തയാറാക്കിയ ലഹരി തകര്‍ക്കുന്ന ജീവിതങ്ങള്‍ എന്ന കൃതിയുടെ ഏതാനും കോപ്പികള്‍ കേരള മദ്യനിരോധന സമിതി ജനറല്‍ സെക്രട്ടറി പ്രഫ. ടി. എം. രവീന്ദ്രന്‍, കേരള മദ്യനിരോധന സമിതി മഹിള വിഭാഗം അധ്യക്ഷ പ്രഫ. ഒ.ജെ. ചിന്നമ്മ, സമിതിയുടെ ഖത്തര്‍ അഡ്ഹോക്ക് കമ്മറ്റി പ്രസിഡന്റ് റഫീഖ് മേച്ചേരി എന്നിവര്‍ക്ക് നല്‍കിയ അദ്ദേഹം ഖത്തറിലും കേരളത്തിലും പുസ്തകത്തിന്റെ നിരവധി കോപ്പികള്‍ സൌജന്യമായി തന്റെ സ്ഥാപനം വിതരണം ചെയ്യുമെന്നറിയിച്ചു.

കേരളീയ സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന സാമൂഹികവും ധാര്‍മികവും സാമ്പത്തികവുമായ നിരവധി പ്രശ്നങ്ങള്‍ ലഹരി പദാര്‍ഥങ്ങളുടെ ഉപഭോഗം കാരണമായി ഉണ്ടാകുന്നതാണെന്നും ഈ രംഗത്ത് സാമൂഹ്യ കൂട്ടായ്മ രൂപീകരിച്ച് വ്യവസ്ഥാപിതമായ ബോധവത്കരണ പരിപാടികള്‍ അനിവാര്യമാണെന്ന് അഹ്മദ് തൂണേരി പറഞ്ഞു.

ലഹരി വിരുദ്ധ ബോധവത്കരണ രംഗത്ത് സള്‍ഫര്‍ കെമിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ അഹ്മദ് തൂണേരി കാണിച്ച പ്രവര്‍ത്തനം മാതൃകാപരവും ശ്ളാഘനീയവുമാണെന്ന് പുസ്തകം സ്വീകരിച്ച് പ്രസംഗിച്ച കേരള മദ്യനിരോധന സമിതി ജനറല്‍ സെക്രട്ടറി പ്രഫസര്‍ ടി. എം. രവീന്ദ്രന്‍, കേരള മദ്യനിരോധന സമിതി മഹിള വിഭാഗം അധ്യക്ഷ പ്രഫ. ഒ. ജെ. ചിന്നമ്മ എന്നിവര്‍ പറഞ്ഞു. കേരളീയ സമൂഹത്തില്‍ സമിതി നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുസ്തകം പ്രയോജനപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞു. ഗ്രന്ഥകാരന്‍ അമാനുള്ള വടക്കാങ്ങരയും ചടങ്ങില്‍ സംബന്ധിച്ചു.