ഡാളസ് സൌഹൃദ വേദിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 20ന്
Saturday, August 16, 2014 9:32 AM IST
ഡാളസ്: ഡാളസ് സൌഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 20 ന് (ശനി) വിപുലമായ കലാപരിപാടികളോട് ആഘോഷിക്കുന്നു. ഇതു സംബന്ധിച്ച തീരുമാനം ഞായറാഴ്ച കരോള്‍ടോന്‍ ജോസിയിലുള്ള സാബു ഇന്ത്യന്‍ റസ്ററന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുയോഗം തീരുമാനിച്ചു.

കാരോള്‍ട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് പള്ളി ഓഡിറ്റോറിയത്തിലാണ് നടക്കുക. രാവിലെ 9.30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ ഉച്ചകഴിഞ്ഞ് 2.30 ന് സമാപിക്കും.

ഡാളസ് മലയാളികളുടെ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന ഡാളസ് സൌഹൃദ വേദി വളരെ പുതുമ നിറഞ്ഞകലാ പരിപാടികളുമായിട്ടാണ് ഈ വര്‍ഷം ഓണം ആഘോഷിക്കുക. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സ്ത്രീ, പുരുഷ ഭേദമെന്യേ ഒന്നിച്ചു ഒരു സ്റ്റേജില്‍ വൈവിധ്യവും ഹാസ്യാസ്പദവുമായ കലാപരിപാടികളുടെ ശൃംഖല തന്നെ ഒരുക്കിയിട്ടുള്ളതായി സെക്രട്ടറി അജയകുമാര്‍, വനിതാ സമന്വയാധികാരി സുനിത ജോര്‍ജ് എന്നിവര്‍ അറിയിച്ചു. ഡാളസിലെ പ്രമുഖ കലാ,സാംസ്കാരിക നേതാക്കള്‍ ആഘോഷ വേളയില്‍ ഓണാശംസകള്‍ നേരും. റിഥം സ്കൂള്‍ ഓഫ് ഡാളസിലെ വിദ്യാര്‍ഥികളുടെ ഏറ്റവും പുതുമയേറിയ നൃത്ത പ്രകടങ്ങള്‍ സ്റ്റേജില്‍ അരങ്ങേറുമെന്നു സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഷൈനി ഫിലിപ്പ് അറിയിച്ചു.

ആഘോഷ പരിപാടികള്‍ക്കുശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുള്ളതായി സുകു വര്‍ഗീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ