മിഡില്‍ ഈസ്റ് അസ്ഥിരതക്ക് ഉത്തരവാദിത്വം അമേരിക്കക്ക്: രമേശ് ചെന്നിത്തല
Saturday, August 16, 2014 9:30 AM IST
കോട്ടയം: ലിബിയ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ് രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയുടെ പ്രധാന കാരണം അമേരിക്ക സ്വീകരിച്ച തെറ്റായ നയങ്ങളുടെ പരിണിത ഫലമാണെന്ന് കേരള ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

മിഡില്‍ ഈസ്റ് രാഷ്ട്രങ്ങളില്‍ നിലവിലുണ്ടായിരുന്ന സുസ്ഥിര ഭരണകൂടങ്ങളെ മറിച്ചിട്ട് ഫലപ്രദമായ ഭരണകൂടങ്ങളെ കൊണ്ടുവരാന്‍ സാധിക്കാത്തതാണ് നഴ്സുമാരുള്‍പ്പെടെ നിരവധി പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് തിരിച്ചുവരേണ്ടിവന്നതെന്ന് രമേശ് പറഞ്ഞു.

പ്രവാസി മലയാളി ഫെഡറേഷന്‍ പ്രഥമ അന്താരാഷ്ട്ര ചതുര്‍ദിന സമ്മേളനത്തിന്റെ ഭാഗമായി രണ്ടാംദിനം വെള്ളിയാഴ്ച വൈകുന്നേരം കോട്ടയം ബസേലിയോസ് കോളജില്‍ സംഘടിപ്പിച്ച മാധ്യമ സംവാദം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രമേശ്.

സമ്മേളന നഗരിയില്‍ എത്തിചേര്‍ന്ന മന്ത്രിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ജോസ് കാനാട്ട്, സെക്രട്ടറി ഷിബി നാരമംഗലത്ത്, ട്രഷറര്‍ പി.പി ചെറിയാന്‍, ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ , ദിലിപ് കുമാര്‍, ബേബിച്ചന്‍ കാനമറ്റം, സ്റീഫന്‍ ഇടപ്പാറ, ഡയസ് ഇടിക്കുള, ജോണ്‍സണ്‍ ചെറിയാന്‍, സ്റീഫന്‍ ഇടപ്പാറ, ജോര്‍ജ് കൊടുംകുന്നില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്നു നടന്ന മാധ്യമ സംവാദത്തില്‍ തോമസ് ജേക്കബ്, എം.ജി രാധാകൃഷ്ണന്‍, സാജന്‍ വര്‍ഗീസ്, സോമന്‍ ബേബി, ടി.കെ രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോട്ടയം പ്രസ്ക്ളബ് പ്രസിഡന്റ് എസ്. മനോജ് സ്വാഗതവും ജോര്‍ജ് കൊറ്റംകൊമ്പില്‍ നന്ദിയും പറഞ്ഞു.