ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സ്വാതന്ത്യ്ര ദിനാശംസകള്‍ നേര്‍ന്നു
Saturday, August 16, 2014 4:52 AM IST
ന്യൂയോര്‍ക്ക്: രാജ്യമെമ്പാടും ഇന്ത്യയുടെ അറുപത്തിയേഴാം സ്വാതന്ത്യ്രദിനം ആഘോഷിക്കുന്ന വേളയില്‍ എല്ലാ ഭാരതീയര്‍ക്കും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വാതന്ത്യ്രദിനാശംസകള്‍ നേര്‍ന്നു.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും ജീവന്‍ പോലും തൃണവല്‍ഗണിച്ച് ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്യ്രവും ജനാധിപത്യ അവകാശങ്ങളും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭാരതീയരായ ഓരോരുത്തരിലും നിക്ഷിപ്തമാണെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളായ ഫാ. ഡാനിയേല്‍ പുല്ലേലില്‍, പോള്‍ കറുകപ്പിള്ളില്‍, ജോസഫ് കുരിയപ്പുറം, ഷാജി ആലപ്പാട്ട് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും മതനിരപേക്ഷത ഉറപ്പുവരുത്താനും സാമ്രാജ്യത്വ ശക്തികളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരെയും ഭരണാധികാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തുവാനും ധീരദേശാഭിമാനികളായ നമ്മുടെ പൂര്‍വ്വീകര്‍ ജീവന്‍ കൊടുത്തും പോരാടി നേടിത്തന്ന സ്വാതന്ത്യ്രവും ജനാധിപത്യ അവകാശങ്ങളും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കലായിരിക്കണം ഈ സ്വാതന്ത്യ്രദിനമെന്നും അവര്‍ പറഞ്ഞു.

ജാതിയുടെയും, മതത്തിന്റേയും, വിഭാഗിയതയുടെയും മതിലുകള്‍ സൃഷ്ടിച്ചുകൊണ്ട് ഒരു പറ്റം തീവ്രവാദികള്‍ രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ഡതയ്ക്കും ഭീഷണി സൃഷ്ടിച്ചുകൊണ്ട് പോര്‍വാഴ്ച്ച നടത്തുകയാണ്. ഇതെല്ലാം നേരിട്ട് യഥാര്‍ത്ഥ സ്വാതന്ത്യ്രവും ജനാധിപത്യവും പുന:സ്ഥാപിക്കാന്‍ യുവതലമുറ ഒറ്റക്കെട്ടായി ഈ സ്വാതന്ത്യ്രദിനത്തില്‍ രംഗത്തിറങ്ങുമെന്ന് പ്രത്യാശിക്കുന്നതായി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ