സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പിക്നിക്ക് ഉജ്വലമായി
Wednesday, August 13, 2014 8:06 AM IST
ന്യൂയോര്‍ക്ക്: സ്വാദിഷ്ടമായ ബാര്‍ബിക്യൂ വിഭവങ്ങളും, വൈവിധ്യമാര്‍ന്ന മത്സര ഇനങ്ങളും ഉള്‍പ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെ നടത്തപ്പെട്ട സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പിക്നിക്ക് ഓഗസ്റ് 21-ന് ശനിയാഴ്ച വിജയകരമായി നടന്നു. സെന്റ് പോള്‍സ് ആല്‍ബാ കോമ്പൌണ്ടില്‍ നടന്ന പരിപാടികള്‍ക്ക് പിക്നിക്ക് കോര്‍ഡിനേറ്റര്‍ ആന്റോ ജോസഫ്, പ്രസിഡന്റ് എസ്.എസ് പ്രകാശ്, വൈസ് പ്രസിഡന്റ് റോഷിന്‍ മാമ്മന്‍, സെക്രട്ടറി ജോസ് വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി സാമുവേല്‍ കോശി, തുടങ്ങിയവരും ഇതര കമ്മിറ്റികളും നേതൃത്വം നല്‍കി.

രാവിലെ 9 മണിക്ക് പ്രസിഡന്റ് എസ്.എസ് പ്രകാശ് ഔപചാരികമായി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചതോടെ പിക്നിക്കിന് സമാരംഭമായി. മലയാളി അസോസിയേഷന്റെ എക്കാലത്തേയും അഭ്യുദയകാംക്ഷിയായ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി വികാരി റവ.ഫാ. അലക്സ് കെ. ജോയി വിശിഷ്ടാതിഥിയായി പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള കായിക മത്സരങ്ങളും റോബിന്‍ മാമ്മന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റും നടന്നു. വാശിയേറിയ വടംവലി മത്സരം, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങള്‍ ഏറെ ആകര്‍ഷങ്ങളായിരുന്നു. ഷാജി- ദേവസ്യ ടീം വോളിബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായി റോളിംഗ് ട്രോഫി കരസ്ഥമാക്കി. ജോസ് വര്‍ഗീസ് നയിച്ച ടീം വടംവലിയില്‍ ഒന്നാംസ്ഥാനവും, ബിജിന്‍ സുനില്‍ ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ചീട്ടുകളിയില്‍ വന്‍ പ്രാതിനിധ്യമാണുണ്ടായിരുന്നത്.

മലയാളി അസോസിയേഷന്റെ ആയുഷ്കാല മെമ്പര്‍കൂടിയായ തോമസ് വര്‍ഗീസിന്റെ (എസ്.ഐ തോമസ്) എഴുപതാമത് ജന്മദിനവും പിക്നിക്കിനോടനുബന്ധിച്ച് ആഘോഷിച്ചു. പ്രസിഡന്റ് എസ്.എസ് പ്രകാശ് അദ്ദേഹത്തെ ചടങ്ങില്‍ പരിചയപ്പെടുത്തുകയും അസോസിയേഷന്റെ പേരില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും ചെയ്തു. സെക്രട്ടറി ജോസ് വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു. ലെജി, റോഷിന്‍ മാമ്മന്‍ എന്നിവര്‍ ഫോട്ടോഗ്രാഫി നിര്‍വഹിച്ചു.

സാന്നിധ്യംകൊണ്ടും സഹകരണം കൊണ്ടും പിക്നിക്ക് അക്ഷരാര്‍ത്ഥത്തില്‍ വന്‍ വിജയമാക്കിയ സ്റാറ്റന്‍ഐലന്റിലെ മുഴുവന്‍ മലയാളി സമൂഹത്തോടും നന്ദി അറിയിക്കുന്നതായി കോര്‍ഡിനേറ്റര്‍ ആന്റോ ജോസഫ് പറഞ്ഞു. ബിജു ചെറിയാന്‍ (പബ്ളിസിറ്റി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം