നോര്‍ത്ത് ഈസ്റ് റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു
Wednesday, August 13, 2014 6:35 AM IST
ന്യൂയോര്‍ക്ക്: മലങ്കര കത്തോലിക്ക നോര്‍ത്ത് അമേരിക്കന്‍ എക്സാര്‍ക്കേറ്റിന്റെ നോര്‍ത്ത് ഈസ്റ് റീജിയണല്‍ ഫാമിലി കോണ്‍ഫറന്‍സ് ഓഗസ്റ് ഒമ്പത്, പത്ത് തീയതികളില്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ കത്തീഡ്രല്‍ കാമ്പസില്‍ നടന്നു.

'ഞാനും എന്റെ കുടുംബവും യഹോവയെ സേവിക്കും' എന്ന വേദവാക്യമായിരുന്നു കോണ്‍ഫറന്‍സിന്റെ ആപ്തവാക്യം. കുടുംബം എന്ന വിഷയത്തെപ്പറ്റി ഗഹനമായി ചിന്തിക്കുവാനും അവലോകനം നടത്തുവാനുമായി പൂര്‍ണമായി അര്‍പ്പിക്കപ്പെട്ട ദിവസങ്ങളായിരുന്നു ഇത്.

ഒമ്പതിന് (ശനി) രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാനയോടെ കോണ്‍ഫറന്‍സ് ആരംഭിച്ചു. തുടര്‍ന്നുനടന്ന സമ്മേളനം മലങ്കര കത്തോലിക്ക സഭ നോര്‍ത്ത് അമേരിക്കന്‍ അധ്യക്ഷന്‍ തോമസ് മാര്‍ യൌസേബിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍, കുഞ്ഞുങ്ങള്‍, കുടുംബസ്ഥര്‍ എന്നീ വിഭാഗങ്ങളിലായി പ്രത്യേകം ക്ളാസുകള്‍ സംഘടിപ്പിച്ചു.

കുടുംബ ജീവിതത്തിലെ സംവേദന രീതികളുടെ വ്യത്യസ്ത വിഷയങ്ങളുമായി ഫാ. ഏബ്രഹാം ഒറപ്പാങ്കല്‍ മുതിര്‍ന്നവര്‍ക്ക് ക്ളാസുകള്‍ നയിച്ചു. ഭാര്യയും ഭര്‍ത്താവും എങ്ങനെയാണ് പരസ്പരം സംവേദനം ചെയ്യേണ്ടതെന്നും എപ്പോഴൊക്കെയാണ് ഈ സംവേനക്ഷമത നഷ്ടപ്പെടുന്നതെന്നും അച്ചന്‍ ക്ളാസില്‍ പറഞ്ഞു. യുവജനങ്ങള്‍ക്കുവേണ്ടിയുള്ള ക്ളാസുകള്‍ ജെറി മാത്യു, ജെനി ചാക്കോ, ജിജി ജോര്‍ജ് എന്നിവര്‍ നയിച്ചു.

ആദ്യദിനത്തില്‍ ചിരിയരങ്ങ്, ബൈബിള്‍ ക്വിസ് തുടങ്ങിയവയും സംഘടിപ്പിച്ചു. ആദ്യദിനം സമാപിച്ചത് വിവിധ ഇടവകകള്‍ അവതരിപ്പിച്ച കലാപരിപാടികളോടുകൂടിയാണ്. രണ്ടംദിനത്തില്‍ രാവിലെ പിതാവിന് ആരാധനപരമായ സ്വീകരണവും വിശുദ്ധ കുര്‍ബാനയും നടന്നു. തുടര്‍ന്ന് ഫാ. സന്തോഷ് മുതിര്‍ന്നവര്‍ക്ക് കുടുംബങ്ങളിലെ സമൃദ്ധിയെപ്പറ്റി ക്ളാസെടുത്തു. തുടര്‍ന്ന് ചോദ്യോത്തര വേളക്ക് തിരുമേനിയും മോണ്‍. പീറ്റര്‍ കോച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

കോണ്‍ഫറന്‍സ് അവലോകനത്തില്‍ വിവിധ വിഭാഗങ്ങളില്‍നിന്ന് ആളുകള്‍ വളരെ ക്രിയാത്മകങ്ങളായ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. തിരുമേനിയുടെ അപ്പസ്തോലിക ആശീര്‍വാദത്തോടെ കോണ്‍ഫറന്‍സ് സമാപിച്ചു.

വിവിധ കമ്മിറ്റികളിലായി നിരവധി ആളുകള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജനറല്‍ കണ്‍വീനറായി ഫാ. സണ്ണി മാത്യു, ഫാ. സത്യന്‍ ആന്റണി സെക്രട്ടറിയായി ബാബുക്കുട്ടി തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു. വാഷിംഗ്ടണ്‍, ഫിലാഡല്‍ഫിയ, ന്യൂജേഴ്സി, റോക് ലാന്‍ഡ്, ന്യൂറോഷന്‍, എന്‍മണ്ട് തുടങ്ങി ആറ് ഇടവകകളില്‍നിന്നായി 420 പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്