സമസ്ത ഗുദൈബിയ മദ്രസ പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു
Tuesday, August 12, 2014 8:14 AM IST
മനാമ: ബഹ്റിനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ ഗുദൈബിയയയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഹുദ തഅലീമുല്‍ ഖുര്‍ആന്‍ മദ്രസ, ഗുദൈബിയ പാലസ് പള്ളിക്കു സമീപം നവീകരിച്ച പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു.

എസ്കെഎസ്എസ്എഫ് കേരള സ്റേറ്റ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങളാണ് പുതിയ ബില്‍ഡിംഗിലെ മദ്രസ പഠനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ 8856-ാം നമ്പറില്‍ രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ മദ്രസയിലിപ്പോള്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ളാസുകളില്‍ പഠനം നടക്കുന്നുണ്ട്. എല്ലാ ക്ളാസുകളിലെയും കുട്ടികളെ ഉള്‍ക്കൊള്ളാനാവുന്ന വിധമാണ് ഇപ്പോള്‍ പുതിയ ബില്‍ഡിംഗില്‍ ക്ളാസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

നിലവില്‍ ഗുദൈബിയക്കു പുറമെ തൊട്ടടുത്ത പ്രദേശങ്ങളിലെ പ്രവാസി മലയാളികള്‍ക്കുകൂടി ആശ്രയമായ ഈ മദ്രസയുടെ അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെയാണ് ഇതര സൌകര്യങ്ങളും വികസിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജുഫൈര്‍, അദ്ലിയ, സല്‍മാനിയ, റാസ്റുമാന്‍, സിന്‍ഞ്ച് മാഹൂസ്, ഉമ്മുല്‍ ഹസം തുടങ്ങിയ ഗുദൈബിയയുടെ പരിസര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും പെട്ടെന്ന് മദ്രസയിലെത്താനാവുന്നവിധം മദ്രസയിലേക്കുള്ള സ്വന്തം വാഹനത്തോടുകൂടെയുള്ള യാത്രാ സൌകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

മദ്രസാ വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കുള്ള പഠന ക്ളാസുകളും വെള്ളി, ശനി ദിവസങ്ങളില്‍ ഇവിടെ നടക്കുന്നുണ്ട്. കൂടാതെ മദ്രസ പ്രവര്‍ത്തി സമയം കഴിഞ്ഞ സംഘടിപ്പിക്കുന്ന വാരാന്ത്യ സ്വലാത്ത് ദിക്ര്‍ ദുആ സദസുകളും ഇനി ഇവിടെവച്ചു നടക്കും.

നിലവില്‍ ഉന്നതമായ പഠന നിലവാരം പുലര്‍ത്തുന്ന ഈ മദ്രസ പൊതു പരീക്ഷകളിലെല്ലാം നൂറു ശതമാനം വിജയം കൈവരിക്കാറുണ്ട്. ഈ വര്‍ഷത്തെ പൊതു പരീക്ഷയില്‍ ബഹ്റിന്‍ റൈഞ്ച് തലത്തില്‍ തന്നെ ക്ളാസ് തലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്നത് ഈ മദ്രസക്കാണ്.

ബഹ്റിനിലാദ്യമായി മത പഠനത്തില്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്കു വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായി മനപാഠമാക്കി പഠിക്കാനുള്ള സൌകര്യവും കൂടി ഇവിടെ ഒരുക്കുന്നുണ്ട്.

ഇതിനായി ആരംഭിക്കുന്ന ഹിഫ്ളുല്‍ ഖുര്‍ആന്‍ കോഴ്സിന്റെ ഉദ്ഘാടനം സയ്യിദ് അഹ് മദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും ബഹ്റിനിലെവിടെ നിന്നും 00973 39234072, 34059915, 39788112, 33804559 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ബില്‍ഡിംഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങ് സയ്യിദ് റാജിഅ് അലി ശിഹാബ് തങ്ങളുടെ ഖിറാഅത്തോടെയാണ് ആരംഭിച്ചത്.

ബഹ്റൈന്‍ പാര്‍ലിമെന്റ് മെമ്പര്‍ ആദില്‍ അല്‍ അസൂമി ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിച്ചു. റാഷിദ് അബ്ദുള്‍ റഹ്മാന്‍ അല്‍ അസൂമി, സമസ്ത ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി എസ്.എം. അബ്ദുള്‍ വാഹിദ്, കെഎംസിസി പ്രസിഡന്റ് എസ്.വി ജലീല്‍, കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നേരത്തെ നടന്ന സ്വലാത്ത് വാര്‍ഷിക ചടങ്ങില്‍ മൂസ മൌലവി വണ്ടൂര്‍, ഹംസ അന്‍വരി മോളൂര്‍, സൈദു മുഹമ്മദ് വഹബി എന്നിവരും സംബന്ധിച്ചു.

അന്‍സ്വാര്‍ അന്‍വരി കൊല്ലം അധ്യക്ഷത വഹിച്ചു. നൂറുദ്ദീന്‍ മുണ്േടരി സ്വാഗതവും ഇസ്മായില്‍ വടകര നന്ദിയും പറഞ്ഞു.