കരോള്‍ട്ടന്‍ സെന്റ് മേരീസ് പളളിയില്‍ മാതാവിന്റെ ഓര്‍മ പെരുന്നാള്‍ ഓഗസ്റ് 16, 17 തീയതികളില്‍
Tuesday, August 12, 2014 8:02 AM IST
കരോള്‍ട്ടന്‍: സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മാതാവിന്റെ ഓര്‍മപെരുനാള്‍ ഓഗസ്റ് 16, 17 (ശനി, ഞായര്‍) തീയതികളില്‍ നടക്കും. ഫാ. വിജു ഏബ്രഹാം (വികാരി സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കാര്‍ട്ട്റെറ്റ്, ന്യൂജഴ്സി) മുഖ്യാതിഥിയായിരിക്കും.

10ന് (ഞായര്‍) വി. കുര്‍ബാനാനന്തരം വികാരി ഫാ. പോള്‍ തോട്ടക്കാട്ട് കൊടി ഉയര്‍ത്തിയതോടെ ഈ വര്‍ഷത്തെ പെരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. 16ന് (ശനി) വൈകിട്ട് 6.30 ന് സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് 7.15 ന് പ്രഗത്ഭ വാഗ്മിയായ ഫാ. വിജു ഏബ്രഹാം നടത്തുന്ന വചന ശുശ്രൂഷയും ഉണ്ടായിരിക്കും.

17ന് (ഞായര്‍) രാവിലെ 8.30 ന് പ്രഭാത പ്രാര്‍ഥനയും 9.30 ന് ഫാ. മാത്യൂസ് കാവുങ്കല്‍ കോര്‍ എപ്പിസ്കോപ്പ ഫാ. വിജു ഏബ്രഹാം, ഫാ. വി.എം. തോമസ് എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും നടക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന വര്‍ണശബളവും ഭക്തി നിര്‍ഭരവുമായ റാസ ഉണ്ടായിരിക്കും. പെരുന്നാള്‍ ആഘോഷങ്ങള്‍ അനുഗ്രഹപ്രദവും വിജയകരവുമായി തീര്‍ക്കുന്നതിന് സെക്രട്ടറി ജേക്കബ് സ്കറിയയുടേയും ട്രഷറര്‍ എല്‍ദോസ് ജേക്കബിന്റേയും നേതൃത്വത്തില്‍ പളളി മാനേജിംഗ് കമ്മിറ്റി വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

ഞായറാഴ്ച 12.30 ന് സ്നേഹവിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍