'ക്നാനായ സംഗമം 2014' ന്യൂജേഴ്സിയില്‍ അരങ്ങേറി
Tuesday, August 12, 2014 5:24 AM IST
സോമര്‍സെറ്റ്, ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കന്‍ മലങ്കര ക്നാനായ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ക്നാനായ സംഗമം 2014' എന്നു പേരിട്ട വടക്കേ അമേരിക്കയിലെ ക്നാനായക്കാരുടെ കൂട്ടായ്മ ജൂലൈ 18,19,20 തീയതികളില്‍ ന്യൂജേഴ്സിയിലെ ഹോട്ടല്‍ സോമര്‍സെറ്റ് ബ്രിഡ്ജ് വാട്ടറില്‍ നടത്തപ്പെട്ടു.

ജൂലൈ 18-ന് ഉച്ചയോടുകൂടി ക്നാനായ വിശ്വാസികള്‍ പ്രധാന സംഗമ വേദിയായ മാര്‍ ക്ളീമീസ് നഗറിലേക്ക് പ്രവഹിച്ചു തുടങ്ങി. രജിസ്ട്രേഷന്‍ കോര്‍ഡിനേറ്റേഴ്സായ മോട്ടി മാലത്തുശേരില്‍, സജ്ജു കുന്നിരിക്കന്‍, റെജിമോന്‍ പാലംപള്ളത്ത് എന്നിവരുടെ നേതൃത്വത്തില്‍ രജിസ്റര്‍ ചെയ്തവര്‍ക്ക് വെല്‍കം പാക്കറ്റ് കൈമാറി.

സംഗമവേദിക്കു മുന്നില്‍ വൈകുന്നേരം ആറിന് ഡിട്രോയിറ്റ്, ഷിക്കാഗോ എന്നിവടങ്ങളില്‍ നിന്നുള്ള ക്നാനായക്കാരുടെ ചെണ്ടമേളം അരങ്ങേറി. അജയ് വാഴയ്ക്കന്‍, സജി കളരിത്തറ, ബാബു പാറയില്‍, ലെജി പട്ടരുമഠത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെണ്ടയുടെ താളം ദ്രുതമാകുമ്പോഴേയ്ക്കും എന്‍.എ.എം.കെ.സിയുടെ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് (ബെന്നി) പുതിയമഠത്തില്‍ പതാക ഉയര്‍ത്തി. അപ്പോള്‍ തോമസ് ചാലുപറമ്പിലിന്റെ നേതൃത്വത്തിലുള്ള നടവിളി അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തിയിരുന്നു.

പതാക ഉയര്‍ത്തലിനുശേഷം എല്ലാവരും മുഖ്യവേദിയായ മാര്‍ ക്ളീമീസ് നഗറിലേക്ക് പ്രവേശിച്ചു. അതിനുശേഷം ബഹു. സി.എ. തോമസ് ചിറത്തലയ്ക്കല്‍ അച്ചന്റേയും, ഡീക്കന്‍ അജീഷ് പഴയാറ്റിലിന്റേയും നേതൃത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടത്തപ്പെട്ടു. തുടര്‍ന്ന് ക്നാനായ സംഗമം 2014-ന്റെ ഉദ്ഘാടന സമ്മേളനം നടന്നു. ഇംഗ്ളീഷിലും മലയാളത്തിലുമുള്ള വേദ വായനയ്ക്കുശേഷം എന്‍.എ.എം.കെ.സി സെക്രട്ടറി രാജന്‍ പുന്നാറ്റുശേരി ഏവരേയും സംഗമവേദിയിലേക്ക് സ്വാഗതം ചെയ്തു. എന്‍.എ.എം.കെ.സി പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് പുതിയാമഠത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മലങ്കര സുറിയാനി ക്നാനായ മുന്‍ സമുദായ സെക്രട്ടറി തമ്പാന്‍ തോമസ് മുഖ്യ പ്രഭാഷണം നടത്തി. അതിനുശേഷം എന്‍.എ.എം.കെ.സി ഭാരവാഹികള്‍, ക്നാനായ ലൈറ്റ് ചീഫ് എഡിറ്റര്‍ സണ്ണി കല്ലമ്പറമ്പില്‍, തമ്പാന്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചതോടുകൂടി ക്നാനായ സംഗമം 2014 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. വിനീത് കണ്ണാത്തുമുറിയും, ചിപ്പി വടക്കേമണ്ണിലും മാസ്റര്‍ ഓഫ് സെറിമണിമാരായിരുന്നു.

രണ്ടാം ദിവസമായ ജൂലൈ 19-ന് രാവിലെ മുഖ്യവേദിയിലെ പ്രഭാത പ്രാര്‍ത്ഥനയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. പ്രഭാത ഭക്ഷണത്തിനുശേഷം പുരാതനപ്പാട്ട് മത്സരം നടന്നു. അതിനുശേഷം റവ.ഡോ. ഏബ്രഹാം ഒരപ്പാങ്കല്‍ വിജ്ഞാനപ്രദമായ പ്രഭാഷണം നടത്തി. റവ. ഡീക്കന്‍ ബെന്നി ജോണ്‍ ചിറയില്‍ 'വിശ്വാസാധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളെ'പറ്റി സംവാദം നടത്തി.

ചര്‍ച്ചകളില്‍ റവ. ഡോ. എ.ടി. ഏബ്രഹാം ആലുംമൂട്ടില്‍, റവ.ഫാ. ടി.എ തോമസ് ചിറത്തലയ്ക്കല്‍, ഫാ. ചാക്കോ പുന്നൂസ് ഏബ്രഹാം, ഫാ. സി.എം. മര്‍ക്കോസ് ചാലുപറമ്പില്‍, ഫാ. പുന്നൂസ് ഏബ്രഹാം കല്ലമ്പറമ്പില്‍, ഡീക്കന്‍ അജീഷ് ഏബ്രഹാം പഴയാറ്റ്, ലെജി പട്ടരുമഠത്തില്‍, ഷാജു കല്ലമ്പറമ്പില്‍, സണ്ണി കല്ലമ്പളില്‍, ജിനോ ജോസഫ് കുന്നത്തുശേരില്‍, ബാലു മാലത്തുശേരില്‍, തമ്പാന്‍ തോമസ്, സാബു തോട്ടുങ്കല്‍, രാജന്‍ പുന്നാറ്റുശേരില്‍ എന്നിവര്‍ സജീവമായി പങ്കെടുത്തു. ചര്‍ച്ചകള്‍ക്ക് ഡോ. ജേക്കബ് തോമസ് പുതിയമഠത്തില്‍ മോഡറേറ്ററായിരുന്നു.

യൂത്തിനുവേണ്ടി റവ.ഡോ. ഏബ്രഹാം ഒരപ്പാങ്കല്‍ “ടരശലിരല ഢ ഠവലീഹീഴ്യ’ എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടത്തി.

അതിനുശേഷം 'ക്നാനായ ലൈറ്റ്' മാസികയുടെ പ്രകാശന കര്‍മ്മം ചീഫ് എഡിറ്റര്‍ സണ്ണി ഏബ്രഹാം കല്ലമ്പറമ്പില്‍ നിന്നും കോപ്പി സ്വീകരിച്ച് മലങ്കര സുറിയാനി ക്നാനായ കമ്മിറ്റി അംഗം സാബു തോട്ടുങ്കല്‍ നിര്‍വഹിച്ചു.

മൂന്നാം ദിവസമായ ജൂലൈ 20-ന് ഞായറാഴ്ച രാവിലെ എട്ടിന് പ്രഭാത പ്രാര്‍ത്ഥനയോടുകൂടി വി. കുര്‍ബാന ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയില്‍ ഫാ. സി.എ തോമസ് ചിറത്തലയ്ക്കല്‍ മുഖ്യകാര്‍മികനായിരുന്നു. ഫാ. ചാക്കോ പുന്നൂസ് സഹകാര്‍മികനും, ഡീക്കന്‍ ബെന്നി ജോണ്‍ ചിറയില്‍, ഡീക്കന്‍ അജീഷ് പഴയാറ്റ് എന്നിവര്‍ സഹായികളും ആയിരുന്നു. വിനീത് കണ്ണോത്തുമുറിയുടെം നേതൃത്വത്തിലുള്ള ഗായകസംഘം വി. കുര്‍ബാന ഭക്തിസാന്ദ്രമാക്കി.

വി. കുര്‍ബാനയ്ക്കുശേഷം ക്നാനായ സംഗമം 2014-ന്റെ സമാപന സമ്മേളനം നടന്നു. എന്‍.എ.എം.കെ.സി ട്രഷറര്‍ ജേക്കബ് തോമസ് (ജിജി) ഇടവഴിക്കല്‍ ഏവരേയും സ്വാഗതം ചെയ്തു. സമുദായത്തിന്റെ ഐക്യവും അഖണ്ഡതയും ആണ് എന്‍.എ.എം.കെ.സിയുടെ ലക്ഷ്യമെന്നും, ആ ലക്ഷ്യത്തിനുവേണ്ടി തുടര്‍ന്നും പോരാടുമെന്നും ട്രഷറര്‍ ഓര്‍മ്മപ്പെടുത്തി. ശേഷം മത്സരവിജയികള്‍ക്ക് റിട്ട. പ്രൊഫ. ബേബി ഏബ്രഹാം പുളിക്കാവില്‍ സമ്മാനദാനം നിര്‍വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എബി മാത്യു കുറ്റിയില്‍ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളേയും, രജിസ്ട്രേഷന്‍ കോര്‍ഡിനേറ്റര്‍ മോട്ടി മാലത്തുശേരില്‍ രജിസ്ട്രേഷന്‍ കമ്മിറ്റി അംഗങ്ങളേയും സദസിന് പരിചയപ്പെടുത്തി. എന്‍.എ.എം.കെ.സി സെക്രട്ടറി രാജന്‍ പുന്നാറ്റുശേരി സംഘടനയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത വ്യക്തികളെ നന്ദി അറിയിച്ചു. തുടര്‍ന്ന് എന്‍.എ.എം.കെ.സി വൈസ് പ്രസിഡന്റ് ലെജി പട്ടരുമഠത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം