നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് വാന്‍ ഡ്രൈവറായ മലയാളി മരിച്ചു
Monday, August 11, 2014 8:02 AM IST
റിയാദ്: സൌദിയില്‍ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് വാന്‍ ഡ്രൈവറായ മലയാളി മരിച്ചു. അല്‍ഖര്‍ജ് റോഡില്‍ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് മൂര്‍ക്കനാട് പഞ്ചായത്ത് ഓഫീസിന് സമീപം വെങ്ങാട്ട് പുതുപ്പറമ്പില്‍ ശിഹാബുദ്ദീന്‍ എന്ന ഷിബു വെണ്ടല്ലൂര്‍ (28) ആണ് മരിച്ചത്.

അമിത വേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ബലദിയ്യ ഡ്രമ്മിലും നിര്‍ത്തിയിട്ട കാറിലും ഇടിച്ച ശേഷം സമീപത്തെ ഇന്റല്‍ പ്ളാസ്റ്റ് കമ്പനിയുടെ ചുമരും ഇടിച്ചു തകര്‍ത്ത് എതിര്‍ദിശയില്‍ നിന്നു വന്ന ശിഹാബുദ്ദീന്‍ ഓടിച്ചിരുന്ന കിയ കമ്പനിയുടെ വാനില്‍ ഇടിച്ചു മറിയുകയായിരുന്നു.

നിശേഷം തകര്‍ന്ന വാഹനത്തിനടിയില്‍പ്പെട്ട ശിഹാബുദ്ദീന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇന്റല്‍ പ്ളാസ്റ്റ് കമ്പനി ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഫൈസലിന് സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശുമൈസി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

അഞ്ചുവര്‍ഷമായി റിയാദിലുള്ള ശിഹാബുദ്ദീന്‍ ഫോട്ടോസ്റാറ്റ്, പ്രിന്റര്‍ തുടങ്ങിയവയുടെ മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു. പുതുപറമ്പില്‍ ആലിക്കുട്ടി, റുഖിയ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ ഫാസിന എട്ടു മാസം ഗര്‍ഭിണിയാണ്. പിതൃസഹോദരങ്ങളായ ഉസ്മാന്‍ റിയാദിലും ഇബ്രാഹിം ജിദ്ദയിലും ജോലി ചെയ്യുന്നു. അമ്മാവന്‍ അബ്ദുള്‍ അസീസ് അല്‍ ഖര്‍ജിലും മറ്റൊരു ബന്ധുവായ തൌഫീഖ് റിയാദിലുമുണ്ട്.

സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന ശിഹാബുദ്ദീന്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ബന്ധുക്കള്‍ക്ക് എല്ലാ സഹായവുമായി കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തകനായ മൊയ്തീന്‍കുട്ടി തെന്നല കൂടെയുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍