ന്യൂയോര്‍ക്കില്‍ പതിനാറാമത് ദസറാ ആഘോഷം കിക്കോഫ് ചെയ്തു
Friday, August 8, 2014 7:10 AM IST
ന്യൂയോര്‍ക്ക് : ഭാരതത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നായ ദസറാ മഹോത്സവം ഇന്ത്യക്കാര്‍ കൂടിയേറി പാര്‍ക്കുന്ന രാജ്യങ്ങളിലും ആഘോഷിച്ചുവരുന്നു. ഇതിന്റെ ഭാഗമായി ഇന്തോ-അമേരിക്കന്‍ ഫെസ്റിവല്‍സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ന്യൂജേഴ്സിയില്‍ നടത്തുന്ന പതിനാറാമത് ദസറാ ആഘോഷത്തിന്റെ കിക്കോഫ് ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്നു.

തിന്മയുടെമേല്‍ നന്മ വിജയം നേടുന്ന പ്രത്യാശ നിറഞ്ഞ സന്ദേശമാണ് ദസറാ നല്‍കുന്നത്. സത്യം, നീതി, ധര്‍മ്മം എന്നിവയ്ക്കാണ് അന്തിമ വിജയം എന്ന് ഈ ഉത്സവം നമ്മെ പഠിപ്പിക്കുന്നു.

കിക്കോഫ് കോണ്‍സുലര്‍ ജനറല്‍ ധ്യാനേഷര്‍ മൂലായ് ഉദ്ഘാടനം ചെയ്തു. ഐഎഎഫ് പ്രസിഡന്റ് രാജ് മിത്തല്‍ സ്വാഗതം ആശംസിച്ചു. ഗണേശ വന്ദനം, നാടോടി നൃത്തങ്ങള്‍ എന്നിവയും തുടര്‍ന്ന് അരങ്ങേറി.

ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 21ന് സൌത്ത് സ്ട്രീറ്റ് സീപോര്‍ട്ടിലും ന്യൂജേഴ്സിയില്‍ ഒക്ടോബര്‍ നാലിന് ലേക് പാപയാനി പാര്‍ക്കിലുമായാണ് ദസറാ ഫെസ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലും ഈ വര്‍ഷം മുതല്‍ ദസറാ ആഘോഷം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

പബ്ളിക് പാര്‍ക്കുകളില്‍ നടത്തുന്ന ഈ ആഘോഷത്തില്‍ കഴിഞ്ഞവര്‍ഷം പതിനായിരക്കണക്കിന് ആള്‍ക്കാര്‍ പങ്കെടുത്തു. ആവശ്യക്കാര്‍ക്ക് ബൂത്തുകള്‍ നടത്താന്‍ അവസരമുണ്ട്. ഇതോടൊപ്പം സുവനീയര്‍ പേജുകള്‍ സ്പോണ്‍സര്‍ ചെയ്യാനും അവസരമുണ്ട്. ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചഞ്ചല്‍ ഗുപ്ത 732 234 6682, രാജ് മിത്തല്‍ 732 423 4919, അതുല്‍ ശര്‍മ 718 404 2321, പോര്‍മേള സൂരി 917 704 8248.

റിപ്പോര്‍ട്ട്: ജോസ് പിന്റോ സ്റീഫന്‍