ബാള്‍ട്ടിമോറില്‍ മാര്‍ത്തോമാശ്ശീഹായുടെ ഓര്‍മപെരുന്നാള്‍ കൊണ്ടാടി
Thursday, August 7, 2014 8:06 AM IST
മേരിലാന്റ്: ഭാരതത്തിന്റെ കാവല്‍പിതാവായ വിശുദ്ധ മാര്‍ത്തോമാ ശ്ശീഹായുടെ ഓര്‍മപെരുന്നാള്‍ ബാള്‍ട്ടിമോര്‍ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവലയത്തില്‍ സാഘോഷം കൊണ്ടാടി.

മലങ്കര ആര്‍ച്ച് ഡയോസിസ് അധിപകനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മുഖ്യകാര്‍മികത്വം വഹിച്ചു. വെരി റവ.ഡോ. മര്‍ക്കോസ് കൊച്ചേരി, വെരി റവ.ഡോ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്കോപ്പ, ഡീക്കന്‍ നോഹ കോച്ചേരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ശനിയാഴ്ച വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയോടെ ആരംഭിച്ച പെരുന്നാള്‍ ചടങ്ങുകളില്‍ വിശ്വാസിസമൂഹം പ്രാര്‍ഥനയോടെ പങ്കുചേര്‍ന്നു. ഇടവക വികാരിയും മലങ്കര ആര്‍ച്ച് ഡയോസിസ് പാസ്ററല്‍ സെന്റര്‍ ഡയറക്ടറുമായ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്കോപ്പ സുവിശേഷ പ്രസംഗം നടത്തി.

ഞായറാഴ്ച നടന്ന വിശുദ്ധ മുന്നിന്മേല്‍ കുര്‍ബാന മധ്യേ നടത്തിയ അനുഗ്രഹ പ്രഭാഷണത്തില്‍ ഭാരതനാട്ടിലെത്തി സുവിശേഷം പ്രചരിപ്പിക്കുന്നതിന് ഏറെ ത്യാഗങ്ങള്‍ സഹിക്കുകയും രക്തസാക്ഷിത്വ മരണം കൈവരിക്കുകയും ചെയ്ത വിശുദ്ധ ശ്ശീഹാ ആയിരുന്നു ഇടവകയുടെ മധ്യസ്ഥനായ മാര്‍ത്തോമാ ശ്ശീഹായെന്ന് ആര്‍ച്ച് ബിഷപ് യല്‍ദോ മോര്‍ തീത്തോസ് ഓര്‍മിപ്പിച്ചു. ധനസമാഹരണത്തിനായി മനുഷ്യന്‍ ഓടിക്കൊണ്ടിരിക്കുന്ന ആധുനിക കാലയളവില്‍, വിശുദ്ധ മാര്‍ത്തോമാ പാവപ്പെട്ടവര്‍ക്കായി ജീവിച്ചിരുന്നു എന്ന സത്യം നാം മറന്നുപോകരുതെന്ന് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. അമേരിക്കയില്‍ ജീവിക്കുന്ന നാം സാധുജനസംരക്ഷണത്തിനായി ഇടവകകള്‍ തോറും പദ്ധതികള്‍ ആവിഷ്കരിച്ച് വിജയകരമായി നടപ്പിലാക്കണമെന്ന് ആര്‍ച്ച് ബിഷപ് ആഹ്വാനം ചെയ്തു. മാര്‍ത്തോമാ ശ്ശീഹായുടെ നാമത്തില്‍ പ്രത്യേക ധൂപപ്രാര്‍ഥന നടത്തി. പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച വിളമ്പ്, സ്നേഹവിരുന്ന് എന്നിവ നടന്നു. പ്രാര്‍ഥനയോടെ പെരുന്നാള്‍ കൊടി ഇറക്കിയതോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു.

ഇടവക സെക്രട്ടറി ഗില്ലറ്റ് കുര്യന്‍, ട്രസ്റി ഡോ. മാത്യു വര്‍ഗീസ് എന്നിവര്‍ പെരുന്നാള്‍ അനുഗ്രഹകരമയി നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം