ഫീനിക്സ് ഹോളി ഫാമിലിയില്‍ സമ്മര്‍ പ്രോഗ്രാമുകള്‍ സമാപിച്ചു
Thursday, August 7, 2014 5:16 AM IST
ഫീനിക്സ്: 2014 സമ്മര്‍ സീസണില്‍ യുവജനങ്ങള്‍ക്കും സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി ഫീനിക്സ് ഹോളിഫാമിലി സീറോ മലബാര്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ പരിപാടികള്‍ക്ക് സമാപനമായി. വിശ്വാസജീവിതത്തില്‍ വളരുവാന്‍ സഹായകമാവുംവിധം ധ്യാനങ്ങള്‍, സെമിനാറുകള്‍, ബൈബിള്‍ ക്ളാസുകള്‍ എന്നിവയാണ് ഈവര്‍ഷത്തെ പരിപാടികളില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിരുന്നത്. യുവജനങ്ങള്‍ക്കും പ്രീ ടീനേജുകാര്‍ക്കും വേണ്ടി ആറു ദിവസം നീണ്ടുനിന്ന ധ്യാനം ഫാ. ബോബി എമ്പ്രയില്‍ നയിച്ചു. ഒന്നുമുതല്‍ ഏഴുവരെ ക്ളാസുകളില്‍ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ 'വൈല്‍ഡ് വണ്േടഴ്സ് 2014' എന്ന പ്രോഗ്രാം ഏറെ ശ്രദ്ധേയമായി. രണ്ടുദിവസം നീണ്ടു നിന്ന പരിപാടിയുടെ ഭാഗമായി അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയിലും പ്രത്യേക പ്രാര്‍ത്ഥനകളിലും വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു. വിശുദ്ധ മത്തായിയുടെ സുവിശേഷം ആറാം അദ്ധ്യായത്തിലെ മുപ്പത്തിമൂന്നാം വാക്യമാണ് ഈവര്‍ഷത്തെ വിചിന്തന വിഷയമായി തെരഞ്ഞെടുത്തത്. നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ച് സ്റേഷനുകളിലായി സംഗീതം, അഭിനയം, ചിത്രരചന, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് എന്നിങ്ങനെ വിവിധ കലാമാധ്യമവേദികളിലാണ് വിചിന്തന വിഷയം കുട്ടികള്‍ അവതരിപ്പിച്ചത്. വിജ്ഞാനത്തോടൊപ്പം വിനോദവും ഒരുമിച്ചു ചേര്‍ത്ത് ഏറ്റവും ആസ്വാദ്യകരമായ രീതിയില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ ഇളംതലമുറയില്‍ എത്തിക്കുക എന്നതായിരുന്നു പ്രോഗ്രാമിന്റെ മുഖ്യ ലക്ഷ്യം.

ഉത്തമ ക്രൈസ്തവ ജീവിതത്തിന് കുട്ടികളെ പരിശീലിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച പ്രോഗ്രാമുകള്‍ വിജയിപ്പിക്കുന്നതിന് സഹകരിച്ച മാതാപിതാക്കളോടും വിദ്യാര്‍ത്ഥികളോടും പരിപാടികളുടെ മുഖ്യസംഘാടകനായിരുന്ന പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു നന്ദി അറിയിച്ചു. പുതിയ കലാമാധ്യമ സംസ്കാരത്തില്‍ വിശ്വാസം ഏറ്റവും ഫലപ്രദമായ രീതിയില്‍ പകര്‍ന്നു നല്‍കുന്നതിന് 'വൈല്‍ഡ് വണ്േടഴ്സ്' പോലുള്ള പരിപാടികള്‍ ഉപകരിക്കുമെന്ന് വികാരി ഫാ മാത്യു മുഞ്ഞനാട്ട് അഭിപ്രായപ്പെട്ടു. മാത്യു ജോസ് കുര്യംപറമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം