എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് ഷിക്കാഗോ വോളിബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, August 6, 2014 3:45 AM IST
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് ഷിക്കാഗോയുടെ ഈവര്‍ഷത്തെ വോളിബോള്‍ ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. ഓഗസ്റ് പത്താംതീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന് നൈല്‍സിലുള്ള (8800 വെസ്റ് ക്യാത്തി ലെയിന്‍) ഫീല്‍ഡ് മാല്‍ റിക്രിയേഷന്‍ സെന്ററില്‍ വെച്ച് ഈവര്‍ഷത്തെ ടൂര്‍ണമെന്റ് ആരംഭിക്കും.

പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം സീറോ മലബാര്‍ സഭയുടെ നിയുക്ത ബിഷപ്പും, ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റുമായ ബിഷപ്പ് ജോയി ആലപ്പാട്ട് നിര്‍വഹിക്കും. ടൂര്‍ണമെന്റ് കമ്മിറ്റിക്കുവേണ്ടി റവ.ഡോ. മാത്യു പി. ഇടിക്കുള ടീം അംഗങ്ങളെ പരിചയപ്പെടുത്തി സ്വാഗതകര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് ഈവര്‍ഷത്തെ വോളിബോള്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കുന്ന രഞ്ജിന്‍ ഏബ്രഹാം, മോന്‍സി ചാക്കോ, സാം തോമസ് എന്നിവര്‍ ടൂര്‍ണമെന്റിന്റെ വിവിധ നടപടിക്രമങ്ങള്‍ വിശദീകരിക്കും.

തുടര്‍ന്ന് നടക്കുന്ന വാശിയേറിയ മത്സരത്തില്‍ ഷിക്കാഗോയിലെ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് ഏതാണ്ട് പത്തോളം ടീമുകള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ഏതാണ്ട് രാത്രി പത്തുമണിയോടുകൂടി സമാപിക്കുന്ന ഈവര്‍ഷത്തെ ടൂര്‍ണമെന്റ് വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനും എവര്‍റോളിംഗ് ട്രോഫികളും, വ്യക്തിഗത ട്രോഫികളും ക്രമീകരിച്ചിട്ടുണ്ട്.

ഇതുവരെ രജിസ്റര്‍ ചെയ്യാത്ത ടീമുകള്‍ അതാത് ഇടവക വികാരികളുടെ സമ്മതപത്രത്തോടുകൂടിയുള്ള അപേക്ഷാഫോമുകള്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്നു താത്പര്യപ്പെടുന്നു. ഒരു ഇടവകയുടെ നേതൃത്വത്തില്‍ ഒന്നില്‍കൂടുതല്‍ ടീമുകള്‍ക്കും പങ്കെടുക്കാന്‍ ഈവര്‍ഷം അവസരം നല്‍കിയിട്ടുണ്ട്.

ഈവര്‍ഷത്തെ എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് ഷിക്കാഗോ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഷിക്കാഗോയിലെ എക്യൂമെനിക്കല്‍ സഭകളിലെ വൈദീകരുടെ നേതൃത്വത്തില്‍ സഭാ വിശ്വാസികളുടെ പ്രാര്‍ത്ഥനയോടുകൂടിയുള്ള സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ടൂര്‍ണമെന്റിനുശേഷം എല്ലാവിശ്വാസികള്‍ക്കും ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

ടൂര്‍ണമെന്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: രഞ്ജിന്‍ ഏബ്രഹാം (847 287 0661), മോന്‍സി റ്റി. ചാക്കോ (847 791 1670), സാം തോമസ് (630 935 7355) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം