ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ സെന്റ് തോമസ് ഡേ ആഘോഷിച്ചു
Wednesday, August 6, 2014 3:45 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കത്തോലിക്കാ വിശ്വാസികളുടെ പുരാതന സംയുക്തസംഘടനയായ ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ അഭിമുഖ്യത്തില്‍ ജൂലൈ 19 ന് സെന്റ് തോമസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എല്‍മൌണ്ടിലുള്ള സെന്റ് വിന്‍സെന്റ് ഡീ പോള്‍ സീറോ മലങ്കര കാത്തലിക് കത്തീഡ്രല്‍ പാരീഷിലാണ് ഈവര്‍ഷത്തെ ആഘോഷം സംഘടിപ്പിച്ചത്.

തിരുവല്ല ആര്‍ച്ച്ബിഷപ് റവ. ഡോ. തോമസ് മാര്‍ കൂറിലോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ കേരള കത്തോലിക്കാ സഭയിലെ വിവധ വിഭാഗങ്ങള്‍ ആഗോള കത്തോലിക്കാ സഭയ്ക്കു നല്‍കിയ സേവനങ്ങളെ അദ്ദേഹം അനുസ്മരിച്ചു. പ്രവാസി ജീവിതത്തിലെ ഒറ്റപ്പെട്ട തുരുത്തുകളില്‍ ജീവിക്കാതെ മാര്‍ത്തോമ ക്രിസ്ത്യാനികളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചു കൊണ്ട് ഒത്തൊരുമയോടു കൂടി പോകണമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.

കുര്‍ബാനയ്ക്കു ശേഷം നടന്ന യോഗത്തില്‍ മേരിക്കുട്ടി മൈക്കിള്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു. സെക്രട്ടറി ചെറിയാന്‍ ചക്കാലപടിക്കല്‍ സ്വാഗതം ആശംസിച്ചു. ഇതോടനുബന്ധിച്ചു മാര്‍ത്തോമാശ്ളീഹയും കേരളസഭയും എന്ന വിഷയത്തില്‍ നടത്തിയ സിംപോസിയത്തില്‍ റവ. ഡോ. തോമസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തി. പ്രവാസിമലയാളികള്‍ക്കു സുപരിചിതനും സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ വ്യക്തിമുദ്രപതിപ്പിക്കുകയും ചെയ്ത പ്രഫ. ജോസഫ് ചെറുവേലിയും പ്രഭാഷണം നടത്തി. മാര്‍ത്തോമാശ്ളീഹായുടെ പാദസ്പര്‍ശത്തില്‍ അനുഗ്രഹീതമായ കേരള മണ്ണില്‍ മാര്‍ത്തോമ ക്രിസ്ത്യാനികളുടെ മുന്നേറ്റങ്ങളെപ്പറ്റി വളരെ വിപുലമായ രീതിയില്‍ ആര്‍ച്ച്ബിഷപ് പ്രഭാഷണം നടത്തി. പ്രത്യേകിച്ച് കേരള കത്തോലിക്കാസഭാ വിഭാഗങ്ങളായ സീറോമലബാര്‍, സീറോ മലങ്കര, ലാറ്റിന്‍ സഭകളുടെ വളര്‍ച്ച, സഭയുടെ ദൌത്യം എന്നിവ എന്തായിരിക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് റവ. ഡോ. തോമസ് മാര്‍ കൂറിലോസ് പ്രഭാഷണം അവസാനിപ്പിച്ചത്.

ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ജിന്‍സ്മോന്‍ പി. സക്കറിയ മറുപടി പ്രസംഗവും ട്രഷറര്‍ അലക്സ് തോമസ് നന്ദിയും പറഞ്ഞു. ട്രസ്റി ബോര്‍ഡ് അംഗങ്ങളായ ഇന്നസെന്റ് ഉലഹന്നാന്‍, ജോണ്‍ പോള്‍, മേരി ഫിലിപ്പ്, കേരളസമാജം പ്രസിഡന്റ് ഡോ. ജോസ് കാനാട്ട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ലൈസി അലക്സ് മോഡറേറ്ററായിരുന്നു. എല്ലാ വര്‍ഷവും ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക സെന്റ് തോമസ് ദിനം ആഘോഷിക്കാറുണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം