അഡ്വ. ജിജി നീലത്തുംമുക്കില്‍ ഫ്ളോറിഡയില്‍ നിര്യാതനായി
Wednesday, August 6, 2014 3:45 AM IST
മയാമി: ഫ്ളോറിഡ മലയാളി സമൂഹത്തിലെ മത-സാംസ്കാരിക-സാമൂഹ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം നല്കി വ്യക്തിമുദ്ര പതിപ്പിച്ച അഡ്വ. ജിജി സെബാസ്റ്യന്‍ നീലത്തുംമുക്കില്‍ (48 വയസ്) ഓഗസ്റ് അഞ്ചാം തീയതി ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് മെമ്മോറിയല്‍ ഹേസ്പിറ്റലില്‍ വെച്ച് നിര്യാതനായി.

ചങ്ങനാശേരി നീലത്തുംമുക്കില്‍ കുടുംബാംഗമായ ജിജി പരേതരായ ക്ളാരമ്മയുടേയും റിട്ടയേര്‍ഡ് അധ്യാപകന്‍ ദേവസ്യ നീലത്തുംമുക്കിലിന്റേയും പുത്രനാണ്. ഭാര്യ: ജയ്മോള്‍ ജിജി കോതനല്ലൂര്‍ കണ്ടനാട്ടില്‍ (അസീസ്സി മന്ദിരം) കുടുംബാംഗമാണ്. ഏകപുത്രന്‍ ക്രിസ്റോ ജിജി.

സൌത്ത് ഫ്ളോറിഡ നവകേരളാ അര്‍ട്സ് ക്ളബ്, ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ഓഫ് സൌത്ത് ഫ്ളോറിഡ എന്നീ സംഘടനകളുടെ പ്രസിഡന്റായും, ഷിക്കാഗോ സീറോ മലബാര്‍ രൂപത പാസ്ററല്‍ കൌണ്‍സില്‍ അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2007-ല്‍ മയാമിയില്‍ വെച്ച് നടന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അഞ്ചാമത് കാത്തലിക് കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പില്‍ ജിജി സ്തുത്യര്‍ഹമായ സേവനം അര്‍പ്പിച്ചു.

അമേരിക്കയിലും കേരളത്തിലുമായി നടത്തിയ അല്‍മായ സംഘടനാ പ്രവര്‍ത്തനത്തിന് കേരള കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റായിരുന്ന സി. അന്തപ്പായിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 2013-ല്‍ ജിജിക്ക് ലഭിക്കുകയുണ്ടായി.

അമേരിക്കയിലേക്ക് കുടിയേറുന്നതിനു മുമ്പ് ചങ്ങനാശേരി ബാറിലെ അഭിഭാഷകനും, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിയും ആയിരുന്നു.

ഓഗസ്റ് ആറാം തീയതി ബുധനാഴ്ച വൈകിട്ട് 7 മണിക്ക് കോറല്‍സ്പ്രിംങ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ദേവാലയത്തില്‍ കുര്‍ബാനയും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

വേയ്ക്ക് സര്‍വീസ്: ഓഗസ്റ് ഒമ്പതാം തീയതി ശനിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതു വരെ കോറല്‍സ്പ്രിംങ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ചില്‍ (201 ചീൃവേ ഡിശ്ലൃശെ്യ ഉൃശ്ല ഇീൃമഹുൃശിഴ 33071) നടത്തും. സംസ്കാരം പിന്നീട് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോളിറ്റന്‍ ദേവാലയത്തില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം