സൌദിയില്‍ വിസിറ്റിംഗ് വീസകള്‍ ഓണ്‍ലൈന്‍ മുഖേന പുതുക്കി നല്‍കും
Tuesday, August 5, 2014 8:12 AM IST
ദമാം: വിദേശികളുടെ കുടുംബാംഗങ്ങളുടെയും മറ്റു വിസിറ്റിംഗ് വീസകള്‍ പുതുക്കി കിട്ടുന്നതിന് ഇനി ജവാസാത്തിനെ സമീപിക്കേണ്ടി വരില്ല. വിദേശികളുടെ കുടുംബങ്ങളുടെ വിസിറ്റിംഗ് വീസകള്‍ ഓഗസ്റ് 11 (തിങ്കള്‍) മുതല്‍ ജവാസാത്തിന്റെ അബ്ഷിര്‍ പദ്ദതിയായ ഓണ്‍ലൈന്‍ മുഖേന പുതുക്കി നല്‍കുമെന്ന് സൌദി ജവാസാത്ത് അറിയിച്ചു. കുടാതെ സ്വദേശികളുടെ പാസ്പോര്‍ട്ടുകളും അബ്ഷിര്‍ മുഖേന പുതുക്കി നല്‍കുന്നതാണന്ന് ജവാസാത്ത് അറിയിച്ചു.

രണ്ട് സേവനങ്ങള്‍ക്കും സൌദി ജവാസാത്ത് മേധാവി കേണല്‍ സുലൈമാന്‍ അല്‍ യഹ്യീ തുടക്കം കുറിച്ചതായും സൌദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു നേരത്തെ ഈ സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന പരീക്ഷണം നടത്തി പ്രായോഗികമാണന്ന കണ്െടത്തിയതിനാലാണ് ജനങ്ങളുടെ സൌകര്യം മാനിച്ച് പദ്ധതി നടപ്പിലാക്കുന്നതെന്ന് ജവാസാത്ത് അറിയിച്ചു.

അബ്ഷിറില് പേര് രജിസ്റര് ചെയ്യാത്തവര്‍ എത്രയും വേഗം അടുത്ത ജവാസാത്ത ഓഫീസുകളിലോ വിവിധ വിമാനത്താവളങ്ങളിലും പ്രമുഖ വാണിജ്യ സ്ഥാപനങ്ങളിലും അല്‍ രാജിഹ്, സാന്പ, നാഷണല്‍, അല്‍ റിയാദ്, അല്‍ ജസീറ, അല്‍ ബിലാദ് ബാങ്കുകളില്‍ സ്ഥാപിച്ച ഉപകരണങ്ങള്‍ വഴിയോ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജവാസാത്ത് അറിയിച്ചു.

ജവാസാത്തിന്റെ പുതിയ സേവനം നൂറു കണക്കിന് വിദേശികള്‍ക്ക് ഗുണകാരമാവും. വിസിറ്റിഗ് വീസകള്‍ മുഹറം മുതല്‍ ദുല്‍ഹജ്ജ് വരെ ഒരു വര്‍ഷത്തേക്ക് പുതുക്കി നല്‍കുമെന്ന് സൌദി ജവാസാത്ത് നേരത്തെ അറിയിച്ചിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം