ഷിക്കാഗോ സെന്റ് മേരീസില്‍ മാതാവിന്റെ വലിയ തിരുനാള്‍ ഓഗസ്റ് എട്ടു മുതല്‍
Tuesday, August 5, 2014 6:17 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയുടെ മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ ദര്‍ശനതിരുനാള്‍ ഓഗസ്റ് എട്ടിന് (വെള്ളി) ആരംഭിച്ച് 11 ന് (തിങ്കള്‍) അവസാനിക്കും. ഭക്തിനിര്‍ഭരവും ആഘോഷകരവുമായ ക്രമീകരണങ്ങളാണ് കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.

വെള്ളി വൈകുന്നേരം 6.30ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് പതാക ഉയര്‍ത്തി തിരുനാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. അഗസ്റ്റിന്‍ പാലായ്ക്കപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് മിനിസ്ട്രികളുടേയും കൂടാരയോഗങ്ങളുടേയും അടിസ്ഥാനത്തില്‍ കലാസന്ധ്യ അരങ്ങേറും.

ഓഗസ്റ് ഒമ്പതിന് (ശനി) വൈകുന്നേരം 5.30 ന് ഫാ. സജി പിണര്‍കയില്‍ നയിക്കുന്ന പാട്ടു കുര്‍ബാനയും നൊവേന, പ്രസുദേന്തി വാഴ്ച എന്നിവ ഉണ്ടായിരിക്കും. ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ സന്ദേശം നല്‍കും. പിന്നീട് നടക്കുന്ന കപ്ളേന്‍ വാഴ്ചയില്‍ ഫാ. ഏബ്രഹാം മുത്തോലത്ത് പങ്കെടുക്കും. തുടര്‍ന്ന് ജയിന്‍ മാക്കില്‍ അണിയിച്ചോരുക്കുന്ന രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മിഷിഗന്‍ അവന്യു എന്ന മനോഹര സ്റ്റേജ്ഷോ അരങ്ങ് തകര്‍ക്കും. അമേരിക്കയിലെ ചരിത്രത്തിലെ ആദ്യനാഴികകല്ലായിരിക്കും മിഷിഗണ്‍ അവന്യു എന്ന് സംഘാടകര്‍ ഇതിനോടകം അവകാശപ്പെട്ടുകഴിഞ്ഞു. സേക്രഡ് ഹാര്‍ട്ട് ഇടവകയിലെ ഗായകസംഘമാണ് ശനിയാഴ്ച സംഗീത ശുശ്രൂഷ നടത്തുന്നത്.

പ്രധാന ദിവസമായ 10 ന് (ഞായര്‍) രാവിലെ 10 ന് ഫാ. ഫിലിപ്പ് രാമച്ചനാട്ട് മുഖ്യ കാര്‍മികനായുള്ള ഭക്തിനിര്‍ഭരമായ തിരുനാള്‍ റാസയും ഫാ. പോള്‍ ചാലിശേരിയുടെ തിരുനാള്‍ പ്രസംഗവും ഉണ്ടായിരിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരവും നയനമനോഹരമായ തിരുനാള്‍ പ്രദക്ഷിണം ദേവാലയം ചുറ്റുന്നതായിരിക്കും. വാദ്യമേളങ്ങളും കോടിതോരണങ്ങളും വെള്ളയും നീലയും ഡ്രസ് അണിഞ്ഞ ഭക്തജനങ്ങളും തിരുനാള്‍ പ്രദക്ഷിണത്തിന് ഭംഗിയും അതിലേറെ ഭക്തിനിര്‍ഭരവും ആകും.

നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും അടിമവയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏവര്‍ക്കും തിരുനാള്‍ ലേലത്തിലും പങ്കെടുക്കാന്‍ സാധിക്കുന്നതായിരിക്കും. ആഘോഷമായ തിരുനാള്‍ മഹോത്സവത്തിന് പ്രസുദേന്തിമാരായിരിക്കുന്നത് നൈല്‍സിലുള്ള സെന്റ് സേവ്യേഴ്സ് കൂടാരയോഗങ്ങളാണ്

റിപ്പോര്‍ട്ട്: സാജു കണ്ണമ്പളളി