നായര്‍ സംഗമത്തിനു തിരശ്ശീല ഉയരുന്നു
Tuesday, August 5, 2014 3:18 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലും കാനഡയിലും ഉള്ള നായര്‍ സമുദായാംഗങ്ങളുടെ കൂട്ടായ്മയായ എന്‍എസ്എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2014 നായര്‍ സംഗമത്തിന് തിരി തെളിയാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. വാഷിങ്ങ്ടണ്‍ ഡി.സി.ക്കു സമീപമുള്ള അലക്സാണ്ര്ടിയ ഹില്‍റ്റനിലെ മന്നം നഗറില്‍ അരങ്ങേറുന്ന നായര്‍ സംഗമത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സനില്‍ ഗോപി, താന്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ വളരെ സംതൃപ്തനാണ് എന്ന് പറയുകയുണ്ടായി. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ കുടുംബങ്ങള്‍ രജിസ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും അതുകൊണ്ടുതന്നെ ഈ സംഗമം വന്‍ വിജയമായിരിക്കും എന്നും അദ്ദേഹം അറിയിച്ചു.

ഓഗസ്റ് എട്ടിന് വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് താലപ്പൊലിയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മുഖ്യാതിഥികളെ വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് പ്രസിഡന്റ് രമേശന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതുയോഗത്തിനു ശേഷം സംഘടനയിലെ തന്നെയുള്ള കലാകാരന്മാരുടെ ഗാനമേള, നൃത്തനൃത്യങ്ങള്‍ മുതലായവ ഉണ്ടായിരിക്കും.

മിക്ക കണ്‍വന്‍ഷനുകളിലും ഉയര്‍ന്നുകേള്‍ക്കാറുള്ള ഒരു പരാതി ഭക്ഷണത്തിലെ അപാകതകളെക്കുറിച്ചായിരിക്കും. അതുണ്ടാകതെയിരിക്കാന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ അടുക്കളയില്‍ തന്നെ നാടന്‍ ഭക്ഷണം പാചകം ചെയ്ത് വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നുവെന്ന് സെക്രട്ടറി സുധ കര്‍ത്താ പറഞ്ഞു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍