ഫിലാഡല്‍ഫിയ സീറോ മലബാര്‍ പിക്നിക് വന്‍ വിജയം
Monday, August 4, 2014 7:57 AM IST
ഫിലഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വാര്‍ഷിക പിക്നിക് വന്‍ വിജയമായി. ഓഗസ്റ് രണ്ടിന് (ശനി) ബക്സ് കൌണ്ടി നിഷാമണി ക്രീക്കിനു സമീപത്തുളള പ്ളേവിക്കി പാര്‍ക്കില്‍ നടന്ന പിക്നിക്കില്‍ ഇടവക ജനങ്ങളില്‍ ഭൂരിപക്ഷവും പങ്കെടുത്തു.

ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റിമാരായ ബിജി ജോസഫ്, വിന്‍സന്റ് ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനി, പിക്നിക്ക് സബ് കമ്മിറ്റി അംഗങ്ങളായ ഷാജി മിറ്റത്താനി, സിബിച്ചന്‍ മുക്കാടന്‍, മോളി മന്നാട്ട് എന്നിവര്‍ പിക്നിക്കിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.

രാവിലെ 11 ന് ഫാ. ജോണിക്കുട്ടി പുലിശേരി ഉദ്ഘാടനം നിര്‍വഹിച്ച് ആരംഭിച്ച പിക്നിക്കും കായിക മത്സരങ്ങളും വൈകുന്നേരം ആറുവരെ നീണ്ടു നിന്നു.

ഇടവകയിലെ യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് ലീഗിന്റെ (എസ്എംവൈഎല്‍) നേതൃത്വത്തില്‍ സലിന സെബാസ്റ്യന്‍, മലിസാ മാത്യു എന്നിവരുള്‍പ്പെടുന്ന യൂത്ത് വോളന്റിയേഴ്സ് കുട്ടികള്‍ക്കും സെബാസ്റ്റ്യന്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ അഡള്‍ട്ട് വോളന്റിയേഴ്സ് മുതിര്‍ന്നവര്‍ക്കുള്ള കായിക മത്സരങ്ങള്‍ കോഓര്‍ഡിനേറ്റ് ചെയ്തു. വടംവലി, വോളി ബോള്‍, ഷോട്ട് പുട്ട്, മ്യൂസിക്കല്‍ ബോള്‍ പാസിംഗ്, ബാഡ്മിന്റണ്‍, ഷട്ടില്‍ കോക്ക്, ബാസ്ക്കറ്റ് ബോള്‍ ഉള്‍പ്പെടെ നിരവധി മത്സരങ്ങളും കുട്ടികള്‍ക്കുളള പലവിധ ഗെയിമുകളും പിക്നിക്കിനോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു.

മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുളള ട്രോഫികള്‍ വികാരി ഫാ. ജോണിക്കുട്ടി വിതരണം ചെയ്തു. ജോയി കരുമത്തി, ജോണ്‍ തൊമ്മന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ തയാറാക്കിയ രുചികരമായ ബാര്‍ബിക്യൂ വിഭവങ്ങള്‍ എല്ലാവരും ആസ്വദിച്ചു. കപ്പ ബിരിയാണി മുതല്‍ ഹാംബര്‍ഗര്‍ വരെയുളള നാനാവിധമായ ഭക്ഷണപദാര്‍ഥങ്ങളും ദാഹശമനത്തിനായി ജോസഫ് കുര്യാക്കോസ് പ്രത്യേകം തയാര്‍ ചെയ്ത മോരിന്‍ വെളളം ഉള്‍പ്പെടെയുളള പാനീയങ്ങളും എല്ലാവര്‍ക്കും കുളിര്‍മയേകി.

പരസ്പര സ്നേഹവും സഹകരണവും സൌഹൃദയവും പങ്കുവച്ച് പിക്നിക് വിജയിപ്പിച്ച എല്ലാ അംഗങ്ങള്‍ക്കും വികാരി ഫാ. ജോണിക്കുട്ടി നന്ദി പ്രകാശിപ്പിച്ചു. ഫൊറോനാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷം വരുന്ന ആദ്യത്തെ പിക്നിക് എന്ന നിലയിലും ഇടവകയുടെ പത്താം വാര്‍ഷികം എന്ന നിലയിലും ഈ വര്‍ഷത്തെ പിക്നിക്കിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍